പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ശോഭകെടുത്താനാണ് സുരേഷ് ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സുരേഷ് ഗോപിയെ ജനങ്ങളില്‍ നിന്നും മാറ്റിനിര്‍ത്താനാണ് ശ്രമം നടക്കുന്നത്. ഇത്തരം വൃത്തികെട്ട രാഷ്ട്രീയം വിജയിക്കാന്‍ പോവുന്നില്ല. സുരേഷ്‌ഗോപിയെ സര്‍ക്കാര്‍ വേട്ടയാടുകയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. സുരേഷ് ഗോപിക്കെതിരെ അന്വേഷണം നടത്തിയ കോഴിക്കോട് പൊലീസിന് തെളിവുകളൊന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
എന്നാല്‍ തിരുവനന്തപുരത്ത് രാഷ്ട്രീയ ഗൂഢാലോചന നടക്കുകയും അതിന് ശേഷം ജാമ്യമില്ലാ വകുപ്പ് ചുമത്താന്‍ തീരുമാനിക്കുകയും ചെയ്തു. കരുവന്നൂര്‍ സഹകരണ ബാങ്ക്, തൃശ്ശൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകളിലെ പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുന്ന പൊലീസാണ് സുരേഷ് ഗോപിയെ കുടുക്കാന്‍ നടക്കുന്നത്. ഇതൊന്നും തൃശ്ശൂരില്‍ വിലപ്പോവില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന തൃശ്ശൂരിലെ മഹിളാസംഗമത്തില്‍ കേരളത്തിലെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മഹിളകള്‍ എത്തും. വനിതാസംവരണ ബില്‍ പാസാക്കിയ പ്രധാനമന്ത്രിക്കുള്ള കേരളത്തിലെ വനിതകളുടെ ആദരവാകും തൃശ്ശൂരില്‍ പ്രകടമാവുകയെന്നും പുതുതായി ബിജെപിയില്‍ ചേരുന്നവരെ സ്വീകരിക്കുന്ന ചടങ്ങില്‍ ബിജെപി അദ്ധ്യക്ഷന്‍ പറഞ്ഞു. നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നൂറകണക്കിന് ആളുകളാണ് ബിജെപിയില്‍ ചേരുന്നത്. പത്തനംതിട്ടയില്‍ നിരവധിപേരെ കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഇന്ന് സ്വീകരിക്കുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.