ന്യൂഡല്‍ഹി: കൊലപാതകക്കേസില്‍ ഒളിവില്‍ പോയ ഒളിംപിക് മെഡല്‍ ജേതാവായ ഗുസ്തി താരം സുശീല്‍ കുമാറിനെതിരെയും മറ്റ് ആറ് പേര്‍ക്ക് എതിരെയും ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ഡല്‍ഹി കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.
ദേശീയ ചാമ്പ്യനായ ഗുസ്തി ജൂനിയര്‍ താരം സാഗറിന്റെ (23) കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് സുശീല്‍ കുമാര്‍ ഒളിവില്‍ പോയത്. ഇയാല്‍ ഹരിദ്വാറിലെ യോഗാ ആശ്രമത്തില്‍ ഒളിവില്‍ കഴിയുന്നതായി മുമ്പ് വിവരങ്ങള്‍ പുറത്തുവന്നിരുന്നു.
ഗുസ്തി ജൂനിയര്‍ താരം സാഗര്‍ മേയ് നാലിന് ഛത്രസാല്‍ സ്റ്റേഡിയത്തിലെ പാര്‍ക്കിങ്ങില്‍ വെച്ചുണ്ടായ അടിപിടിക്കിടെയാണ് കൊല്ലപ്പെട്ടത്. സുശീല്‍ വാടകയ്ക്ക് നല്‍കിയിരുന്ന ഫ്‌ലാറ്റുകളിലൊന്ന് ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊതപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞിരുന്നു.
അജയ്, പ്രിന്‍സ് ദലാല്‍, സോനു, സാഗര്‍, അമിത് എന്നീ ഗുസ്തിക്കാര്‍ക്കെതിരെയും കേസില്‍ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. സുശീലിനും കൂട്ടാളികള്‍ക്കുമെതിരെ കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഒരാഴ്ച കഴിഞ്ഞിട്ടും സുശീല്‍ കുമാറിനെ പിടിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ സുശീലിനായി ഉത്തരാഖണ്ഡ്, ഹരിയാന, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. സുശീല്‍ കുമാറിനെതിരെ ലുക്ക് ഔട്ട് നോട്ടീസും പൊലീസ് പുറത്തിറക്കിയിരുന്നു.