വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ എതിര്‍ത്ത രക്ഷിതാക്കള്‍ക്കു പോലും പുനര്‍വിചിന്തനം ഉണ്ടായ കാലമാണ് ഈ കോവിഡ് കാലം. കൊലയാളി വൈറസിനെ പേടിച്ച് വീടുകളുടെ വാതിലുകള്‍ അടഞ്ഞുകിടന്നപ്പോള്‍ അവിടെ അറിവിന്റെ വെളിച്ചം പകരാന്‍ വിദ്യാര്‍ത്ഥി സംഘടനകളാണ് രംഗത്തിറങ്ങിയിരുന്നത്. ഇക്കാര്യത്തില്‍ എസ്.എഫ്.ഐ സീകരിച്ച നിലപാട് എടുത്തു പറയേണ്ടതാണ്. സംസ്ഥാനത്തെ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ സംഘടന തുണയായിരിക്കുന്നത്.
ഓണ്‍ലൈന്‍ പഠനോപകരണങ്ങള്‍ ഇല്ലാത്തതില്‍ മലപ്പുറത്ത് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവമാണ് സംസ്ഥാനത്ത് ആദ്യമായി ടി വി ചാലഞ്ച് തുടങ്ങാന്‍ എസ്എഫ്‌ഐയെ പ്രേരിപ്പിച്ചിരുന്നത്. ഈ ക്യാമ്പയിനിന്റെ തുടക്കം കണ്ണൂരില്‍ നിന്നായിരുന്നു. പിന്നെ അത് ശരവേഗത്തിലാണ് കേരളമാകെ പടര്‍ന്നുപിടിച്ചത്. വെറുമൊരു ടിവി ചാലഞ്ചില്‍ ഒതുങ്ങുന്നതല്ല എസ്എഫ്‌ഐയുടെ കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങള്‍. മഹാമാരിയില്‍ പഠനസൗകര്യമൊരുക്കാനും പരീക്ഷ എഴുതിക്കാനും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നിന്നതും ഈ സംഘടനയാണ്. കോവിഡ് അടച്ചിടല്‍ കാലത്ത് ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കി മാത്രമല്ല സമാന്തര ക്ലാസ് നടത്തിയും പരീക്ഷാവണ്ടികള്‍ ഓടിച്ചും ക്യാമ്പസുകള്‍ ശുചീകരിച്ചും എല്ലാം സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളാണ് എസ്.എഫ്.ഐ കേഡറുകള്‍ നടത്തിയിരുന്നത്. ‘എല്ലാ വീട്ടിലും ഫസ്റ്റ് ബെല്‍ മുഴങ്ങും, എസ്എഫ്‌ഐ കൂടെയുണ്ട് ‘….എന്നതായിരുന്നു അവരുടെ മുദ്രാവാക്യം.
മുന്‍കാല എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങി … പലയിടങ്ങളില്‍ നിന്നായി വലിയ രൂപത്തില്‍ തന്നെ ടെലിവിഷനും സ്മാര്‍ട്ട് ഫോണും സംഭാവനയായി കണ്ടെത്താനും എസ്.എഫ്.ഐക്ക് സാധിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ പഠനസൗകര്യം ഒരുക്കാന്‍ കണ്ണൂര്‍ ജില്ലയില്‍മാത്രം 1067 ടിവിയാണ് അര്‍ഹരെ കണ്ടെത്തി സംഘടന നല്‍കിയിരിക്കുന്നത്. ഇതേ രൂപത്തില്‍ തന്നെയാണ് മറ്റു 13 ജില്ലകളിലും വിതരണം നടത്തിയിരിക്കുന്നത്. വൈദ്യതി ഇല്ലാതിരുന്ന വീടുകള്‍ വൈദ്യുതീകരിക്കാന്‍ പോലും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങി എന്നതും ഈ ഘട്ടത്തില്‍ പറയാതെ വയ്യ.
‘സ്റ്റഡി സ്മാര്‍ട്ട് വിത്ത് എസ്എഫ്‌ഐ’എന്ന ക്യാമ്പയിനിലൂടെയാണ് സ്മാര്‍ട്ട്‌ഫോണും ടാബും എസ്.എഫ്.ഐ സമാഹരിച്ചിരിക്കുന്നത്. ഇതിനായി ചിലയിടങ്ങളില്‍ അച്ചാറും ബിരിയാണിയും പായസവും ഷവര്‍മയും ഒക്കെ ഉണ്ടാക്കി വില്‍ക്കാനും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തയ്യാറായി. മാത്രമല്ല പഴയ പത്രവും ആക്രിയും ശേഖരിച്ച് വിറ്റും വാഹനങ്ങള്‍ കഴുകിയും പെയിന്റ് ചെയ്തും അതിജീവനത്തിന്റെ അതിശയിപ്പിക്കുന്ന വൈവിധ്യങ്ങളാണ് എസ്.എഫ്.ഐ കണ്ടെത്തിയിരിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ മാത്രം 915 നിര്‍ധന വിദ്യാര്‍ഥികളുടെ കൈകളിലേക്കാണ് സ്മാര്‍ട്ട്‌ഫോണ്‍ ഇതിനകം തന്നെ എത്തിച്ചിരിക്കുന്നത്. കണ്ണൂര്‍ സര്‍വകലാശാലപരീക്ഷയ്ക്ക് വിദ്യാര്‍ഥികളുടെ ആശങ്ക പരിഹരിക്കാന്‍ നടത്തിയ ”ടെലി ക്ലാസ് റൂമും” ഏറെ പ്രയോജനകരമായിരുന്നു. പ്രഗത്ഭരായ അധ്യാപകര്‍ ടെലിഗ്രാം ആപ്ലിക്കേഷനിലൂടെ നടത്തിയ ക്ലാസില്‍ മൂവായിരം വിദ്യാര്‍ഥികളാണ് പങ്കെടുത്തിരുന്നത്.
പൊതുഗതാഗതം പ്രതിസന്ധിയിലായ കോവിഡ് ഘട്ടത്തില്‍ സര്‍വകലാശാല, എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളെഴുതാന്‍ പരീക്ഷാവണ്ടിയെ രംഗത്തിറക്കിയതും എസ്എഫ്‌ഐയാണ്. പരീക്ഷാകേന്ദ്രത്തിലെത്താന്‍ പ്രയാസമുള്ളവരെ പരീക്ഷാവണ്ടിയിലാണ് കേന്ദ്രങ്ങളിലെത്തിച്ചിരുന്നത്. കോവിഡ് ബാധിതരായ വിദ്യാര്‍ഥികളെ പ്രത്യേക വാഹനത്തില്‍ പരീക്ഷാകേന്ദ്രങ്ങളിലെത്തിച്ചും എസ്.എഫ്.ഐ കേഡര്‍മാര്‍ ധീരത കാട്ടുകയുണ്ടായി. കോവിഡ് കാലത്ത് അടച്ചിട്ട കാമ്പസുകള്‍ പരീക്ഷക്കായി തുറക്കുന്നതിനുമുന്‍പ് അവിടങ്ങള്‍ ശുചീകരിക്കാന്‍ എല്ലാ ജില്ലയിലും സ്റ്റുഡന്റ് ബറ്റാലിയന്‍ രൂപീകരിച്ചാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയിരുന്നത്. ക്ലാസ്മുറികള്‍ കഴുകി വൃത്തിയാക്കിയും അണുനശീകരണം നടത്തിയും പ്രത്യേക സുരക്ഷയും ഒരുക്കുകയുണ്ടായി. പരിശീലനം നേടിയ എസ്.എഫ്.ഐയുടെ ഈ സ്റ്റുഡന്റ് ബറ്റാലിയന്‍മുന്‍പ് പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ശക്തമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവച്ചിരുന്നത്.
തീര്‍ന്നില്ല പ്രതിസന്ധിയുടെ കാലത്ത് എസ്.എഫ്.ഐ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇനിയും ഏറെയുണ്ട് …കൊലയാളി വൈറസിനെ തുരത്താന്‍ ഹാന്‍ഡ് വാഷ് കോര്‍ണറുകള്‍ സ്ഥാപിച്ചതും സാനിറ്റൈസറും മാസ്‌കും നല്‍കിയതും എല്ലാം അതില്‍ ചിലതുമാത്രമാണ്. അരാഷ്ട്രീയവാദികളുടെ കണ്ണുതുറപ്പിക്കേണ്ട കാഴ്ചകളാണിത്. വിദ്യാര്‍ത്ഥികള്‍ കൊടി പിടിച്ചാല്‍ അത് വലിയ പാപമായി കരുതുന്ന വികലമനസ്സുകള്‍ക്കുള്ള മാസ് മറുപടി കൂടിയാണ് എസ്.എഫ്.ഐയുടെ ഈ ഉജ്വല പ്രവര്‍ത്തനങ്ങള്‍. അത് ഇനി ഈ നാടാണ് തിരിച്ചറിയേണ്ടത്.
അരാഷ്ട്രീയ കാമ്പസുകള്‍ മയക്കുമരുന്നിന് അടിമകളായ ഒരു സമൂഹത്തെ സൃഷ്ടിക്കുന്ന പുതിയ കാലമാണിത്. ഇതിനെ ചെറുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമാത്രമല്ല ഭരണകൂടത്തിനും വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും ഒരുപോലെ ഉത്തരവാദിത്വമുണ്ട്. വേണ്ടി വന്നാല്‍ നിയമനിര്‍മ്മാണം തന്നെ കൊണ്ടുവരേണ്ടതുണ്ട്. വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് റെഡ് സിഗ്‌നല്‍ ഉയര്‍ത്തുന്ന കാമ്പസുകള്‍ ലഹരി മാഫിയക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്. ഈ പോക്ക് അപകടകരമാണ്. അത് ഇനിയും അനുവദിച്ചുകൂടാ. ഇക്കാര്യത്തിലും നിര്‍ണ്ണായക ഇടപെടല്‍ ഇനി നടത്തേണ്ടത് എസ്.എഫ്.ഐയാണ്. അതിനായി സര്‍ക്കാര്‍ തലത്തിലും സമ്മര്‍ദം ശക്തമാക്കണം. അശാന്തി പടരുന്ന അരാഷ്ട്രീയ കാമ്പസുകള്‍ക്ക് തണല്‍ നല്‍കാന്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ കൊടികള്‍ക്ക് കഴിയുമെങ്കില്‍ ആ കൊടികള്‍ ഇത്തരം കാമ്പസുകളിലും പാറുക തന്നെ വേണം. നാടിന്റെ ഭാവിക്കും നല്ലത് അതു തന്നെ ആയിരിക്കും.
EXPRESS KERALA VIEW