നൂബിയ റെഡ് മാജിക് നവംബറില്‍ ഇന്ത്യയില്‍ അവതരിപ്പിക്കും

നൂബിയ റെഡ് മാജിക്ക് ഇന്ത്യയില്‍ അടുത്ത മാസം അവതരിപ്പിക്കും. ദീപാവലി സീസണിന് ശേഷം ഫോണ്‍ വിപണിയില്‍ എത്തിക്കാന്‍ ആണ് പദ്ധതി. വണ്‍പ്ലസ്, സാംസങ് തുടങ്ങിയവയുടെ ഫ്‌ളാഗ്ഷിപ്പ് ഫോണുകള്‍ക്ക് കനത്ത തിരിച്ചടി ഉണ്ടാക്കാന്‍ ഒരുപക്ഷെ നൂബിയക്ക് കഴിഞ്ഞേക്കും. 30000 രൂപക്ക് താഴെ ആയിരിക്കും വില എന്നതും ശ്രദ്ധേയമാണ്.

നമ്മളെല്ലാം സ്ഥിരം കണ്ടുമടുത്ത നോട്ടിഫിക്കേഷന്‍ ലൈറ്റ് സമ്പ്രദായത്തെ അടിമുടി മാറ്റിമറിക്കുന്നതാണ് ഇതിന്റെ ഡിസൈന്‍. പിറകിലാണ് നോട്ടിഫിക്കേഷന്‍ ലൈറ്റ് ഉള്ളത്. ഫോണിന്റെ ഹാര്‍ഡ്വെയര്‍ നോക്കുമ്പോള്‍ ഇന്ന് നിലവിലുള്ളതില്‍ വെച്ച് ഏറ്റവും മികച്ച സൗകര്യങ്ങളാണ് ഇതിലുള്ളത്. സ്‌നാപ്ഡ്രാഗണ്‍ 835 ആണ് പ്രൊസസര്‍. ഒപ്പം 8ജിബി റാം, 128 ജിബി മെമ്മറി എന്നിവയും ഫോണിലുണ്ട്. എടുത്തുപറയേണ്ട മറ്റൊരു കാര്യം പ്രത്യേകമായി തയ്യാറാക്കിയ എയര്‍ കൂളിംഗ് സിസ്റ്റം ഫോണില്‍ ഉണ്ട് എന്നതാണ്.

ഇത് കൂടാതെ ഗെയിം ബൂസ്റ്റ് എന്നൊരു സൗകര്യവുമുണ്ട്. ഇതിനായി പ്രത്യേകം തയ്യാറാക്കിയ ബട്ടണും ഉണ്ട്. ഇതുപയോഗിച്ചാല്‍ മറ്റു ആപ്പുകള്‍ മെമ്മറി ഉപയോഗിക്കുന്നത് പൂര്‍ണ്ണമായും തടഞ്ഞുകൊണ്ട് മികച്ച ഗെയിമിംഗ് സൗകര്യം ഫോണിന് നല്‍കും. മികച്ച ഫ്രെയിമുകളില്‍ മനോഹരമായി മികച്ച വേഗതയില്‍ ഗെയിം കളിക്കാന്‍ സാധിക്കും.

ഡിസ്‌പ്ലേയുടെ കാര്യത്തിലും ഈ ഫോണ്‍ നിലവാരം പുലര്‍ത്തുന്നുണ്ട്. 1080 x 2160 റെസലൂഷന്റെ ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലെ ആണ് ഫോണിലുള്ളത്. അതും 18:9 അനുപാതത്തില്‍ ആണ്. 24 മെഗാപിക്‌സലിന്റെ സാംസങ്ങ് സെന്‍സറിനോട് കൂടിയാണ് ക്യാമറ വരുന്നത്. മുന്‍ക്യാമറ 8 മെഗാപിക്‌സലും ഉണ്ട്. ബാറ്ററിയുടെ കരുത്ത് 3800 എംഎഎച്ച് ആണ്.

Top