നോര്‍ക്ക – കാനഡ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് അഭിമുഖങ്ങള്‍ നാളെ മുതല്‍ ഡിസംബര്‍ 5 വരെ കൊച്ചിയില്‍ നടക്കും

കൊച്ചി: കേരളത്തില്‍ നിന്നുളള നഴ്‌സുമാര്‍ക്ക് കാനഡയില്‍ അവസരങ്ങള്‍ ഒരുക്കുന്ന നോര്‍ക്ക റൂട്ട്‌സ് – കാനഡ റിക്രൂട്ട്‌മെന്റിലേയ്ക്കുളള അഭിമുഖങ്ങള്‍ നാളെ മുതല്‍ കൊച്ചിയില്‍ നടക്കും. ഡിസംബര്‍ 05 വരെ കൊച്ചി ലേ-മെറിഡിയന്‍ ഹോട്ടലിലാണ് അഭിമുഖങ്ങള്‍ നടക്കുക. അഭിമുഖത്തില്‍ നോര്‍ക്ക റിക്രൂട്ട്‌മെന്റ് വിഭാഗം പ്രതിനിധികളും പങ്കെടുക്കും.

അപേക്ഷ നല്‍കിയവരില്‍ നിന്നും കാനഡയിലെ എന്‍.എല്‍ ഹെല്‍ത്ത് സര്‍വ്വീസസ് വെരിഫൈ ചെയ്ത ഉദ്യോഗാര്‍ത്ഥികളെയാണ് അഭിമുഖങ്ങള്‍ക്ക് ക്ഷണിക്കുന്നത്. ന്യൂ ഫോണ്ട്‌ലന്‍ഡ് & ലാബ്രഡോര്‍ സര്‍ക്കാറിന്റെയും, ആരോഗ്യമന്ത്രാലയത്തിന്റെയും ഉന്നതഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന എട്ടംഗ പ്രതിനിധിസംഘമാണ് അഭിമുഖങ്ങള്‍ നടത്തുന്നത്. അതേസമയം ചില സാങ്കേതിക കാരണങ്ങളാല്‍ നവംബര്‍ 27, 28 തീയ്യതികളില്‍ നോര്‍ക്ക റൂട്ട്‌സിന്റെ എറണാകുളം സെന്ററില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതലെന്ന് സെന്റര്‍ മാനേജര്‍ അറിയിച്ചു. മറ്റ് സേവനങ്ങള്‍ക്ക് തടസ്സമുണ്ടാകില്ല.

2015 ന് ശേഷം നേടിയ ബി.എസ്.സി (നഴ്‌സിങ്) ബിരുദമോ/പോസ്റ്റ് BSc യോ, കുറഞ്ഞത് 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും (ഫുള്‍ ടൈം 75 മണിക്കൂര്‍ ബൈ വീക്കിലി) ആണ് യോഗ്യത. NCLEX യോഗ്യത നേടിയിട്ടുളളവര്‍ക്ക് പ്രത്യേക പരിഗണന നല്‍കും. കൂടാതെ IELTS ജനറല്‍ സ്‌കോര്‍ 5 അഥവാ CELPIP ജനറല്‍ സ്‌കോര്‍ 5 ആവശ്യമാണ്. നോര്‍ക്ക റിക്രൂട്ട്‌മെന്റുകളെകുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ഫ്രീ നമ്പറുകളില്‍ 1800-425-3939 (ഇന്ത്യയില്‍ നിന്നും) +91 8802012345 (വിദേശത്ത് നിന്നും-മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.

Top