തണുത്ത് വിറങ്ങലിച്ച് ഉത്തരേന്ത്യ; കശ്മീരില്‍ താപനില മൈനസ് ഏഴു ഡിഗ്രി

ഡൽഹി: അതിശൈത്യത്തിൽ മരവിച്ച് ഉത്തരേന്ത്യ. താപനില കുത്തനെ താഴ്ന്നു. കശ്മീരിൽ താപനില മൈനസ് ഏഴു ഡിഗ്രിയായി. ഡൽഹിയിൽ ചില മേഖലകളിൽ രാത്രി താപനില മൈനസ് മൂന്നു ഡിഗ്രിയായിരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അഞ്ചു ദിവസം കൂടി അതിശൈത്യവും മൂടൽമഞ്ഞും തുടരുമെന്നാണ് കാലാവസ്ഥ വിദഗ്ധർ അറിയിക്കുന്നത്.

ഡൽഹി, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ അടുത്ത ഏതാനും ദിവസങ്ങൾ കൂടി ശൈത്യതരംഗം തുടരുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ മൂടൽ മഞ്ഞിനും കടുത്ത ശീതക്കാറ്റിനും സാധ്യതയുണ്ട്. അതിശൈത്യത്തെത്തുടർന്ന് ജനജീവിതം ദുസ്സഹമായി.

ജമ്മു കശ്മീരിലാണ് അതിശൈത്യം ഏറ്റവും കഠിനമായിട്ടുള്ളത്. കൊടും ശൈത്യത്തെത്തുടർന്ന് കശ്മീരിലെ പ്രശസ്തമായ ദാൽ തടാകം മഞ്ഞുകട്ടയായി. തടാകത്തിൽ വെള്ളം ഉറച്ചതോടെ കുടിവെള്ളവിതരണവും താറുമാറായി. അടുത്ത 24 മണിക്കൂറിനുള്ളിൽ പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ്, വടക്കൻ രാജസ്ഥാൻ, ചണ്ഡീഗഡ് തുടങ്ങിയ മേഖലകളിൽ ഇടതൂർന്ന മൂടൽമഞ്ഞ് ഉണ്ടാകാൻ സാധ്യതയുണ്ട്.

Top