North Korea accuses US of creating situation for nuclear war

ന്യൂയോര്‍ക്ക്: കൊറിയന്‍ ഉപഭൂഖണ്ഡത്തെ യുദ്ധസമാന സാഹചര്യത്തിലേക്കു തള്ളിവിടുന്നത് യുഎസ് ആണെന്ന് ഉത്തരകൊറിയയുടെ ഉപ അംബാസഡര്‍ കിം ഇന്‍ റ്യോങ്.

ഇത്തരം അപകടകരമായ സാഹചര്യത്തില്‍ എപ്പോള്‍ വേണമെങ്കിലും ഒരു ആണവ യുദ്ധം ഉണ്ടായേക്കാമെന്നും അദ്ദേഹം അറിയിച്ചു.

യുഎസ് സൈനിക നടപടി ആരംഭിച്ചാല്‍ ഏതറ്റംവരെ പോകാനും ഉത്തര കൊറിയ തയാറാണെന്നും വാര്‍ത്താസമ്മേളനത്തില്‍ റ്യോങ് കൂട്ടിച്ചേര്‍ത്തു.

ഇത്രയും ഗൗരവകരമായ സംഭവവികാസങ്ങള്‍ നടക്കുമ്പോള്‍ കൊറിയന്‍ ഉപഭൂഖണ്ഡത്തിലേക്ക് യുഎസിന്റെ വിമാനവാഹിനി കപ്പല്‍ ട്രംപ് ഭരണകൂടം വിന്യസിച്ചത് ഉത്തര കൊറിയയെ കീഴടക്കാമെന്ന യുഎസിന്റെ വീണ്ടുവിചാരമില്ലാത്ത നടപടിയുടെ തെളിവാണ്.

യുഎസ് – ദക്ഷിണ കൊറിയ സൈനിക അഭ്യാസങ്ങള്‍ തങ്ങളുടെ രാജ്യത്തിനുനേരെയുള്ള പ്രകോപനമായ യുദ്ധപരിശീലനമാണ്. ഇത്തരം സാഹചര്യങ്ങളെത്തുടര്‍ന്നാണ് ഉത്തരകൊറിയ സ്വയം പ്രതിരോധത്തിനുവേണ്ടിയുള്ള സൈനിക ശേഷി വര്‍ധിപ്പിക്കുന്നത്.

ആഗോള സമാധാനവും സ്ഥിരതയുമാണ് ഇത്തരം നടപടിയിലൂടെ യുഎസ് തകര്‍ക്കുന്നത്. പരമാധികാരമുള്ള മറ്റൊരു രാജ്യത്തെ അതിക്രമിച്ചു കടക്കുന്നതു ശരിയാണെന്ന ഗുണ്ടാസംഘങ്ങളുടെ ചിന്താരീതിയാണ് യുഎസിനു ഉള്ളത്. ഇതിനെതിരെ ഏതു തരത്തിലുള്ള യുദ്ധ പ്രതികരണത്തിനും ഉത്തര കൊറിയ തയാറാണ് റ്യോങ് വ്യക്തമാക്കി.

അതേസമയം, ഉത്തര-ദക്ഷിണ കൊറിയകളുടെ ഇടയ്ക്കുള്ള സൈനികരഹിത മേഖല യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് സന്ദര്‍ശിച്ചു.തങ്ങളുടെ സൈന്യത്തിന്റെ ശക്തിയെ പരീക്ഷിക്കരുതെന്ന് പെന്‍സ് ഉത്തര കൊറിയയ്ക്കു മുന്നറിയിപ്പു നല്‍കുകയും ചെയ്തു.

Top