കുവൈറ്റ്: യുഎസ് സഖ്യകക്ഷിയായ കുവൈറ്റ് ഉത്തര കൊറിയയുടെ അംബാസഡറെ പുറത്താക്കി.
രാജ്യത്തു നിന്ന് പോവാന്‍ ഒരു മാസത്തെ സമയമാണ് കൊറിയന്‍ അംബാസഡറിന് കുവൈറ്റ് അനുവദിച്ചിരിക്കുന്നത്.
ഇതിനൊപ്പം ഉത്തരകൊറിയയുമായുള്ള നയതന്ത്ര പ്രാതിനിധ്യം തരംതാഴ്ത്തുമെന്നും മുതിര്‍ന്ന കുവൈറ്റി നയതന്ത്രജ്ഞന്‍ വ്യക്തമാക്കിയതായി വാര്‍ത്ത ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കന്‍ സന്ദര്‍ശനം കഴിഞ്ഞ കുവൈറ്റ് എമീര്‍ ഷേയ്ഖ് സബ അല്‍ അഹമ്മദ് അല്‍ സബ മടങ്ങിയെത്തിയതിന് പിന്നാലെയാണ് ഗള്‍ഫ് രാജ്യം ഉത്തര കൊറിയക്കെതിരേ കടുത്ത നിലപാടെടുക്കുന്നത്.
കുവൈറ്റിലുള്ള ഉത്തരകൊറിയയുടെ നയതന്ത്ര പ്രാതിനിധ്യം ഉപസ്ഥാനപതിയിലേക്കും മൂന്ന് നയതന്ത്രജ്ഞരിലേക്കും ചുരുക്കുമെന്നും കുവൈറ്റ് നയതന്ത്രജ്ഞന്‍ പറഞ്ഞു.
നോര്‍ത്ത് കൊറിയയില്‍ നിന്നുള്ള തൊഴിലാളികളുടെ നിലവിലെ പദ്ധതികള്‍ ഒന്നോ രണ്ടോ വര്‍ഷങ്ങള്‍കൊണ്ട് പൂര്‍ത്തിയാക്കിക്കഴിഞ്ഞാന്‍ രാജ്യത്തേക്ക് പ്രവേശിക്കാനുള്ള അനുവാദം പുതുക്കിനല്‍കിയേക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഏകദേശം 2000-2500 ഉത്തര കൊറിയന്‍ തൊഴിലാളികളാണ് കുവൈറ്റിലുള്ളത്, മറ്റ് ഗള്‍ഫ് രാജ്യങ്ങളിലായി ആയിരക്കണക്കിന് പേരും ജോലിചെയ്യുന്നുണ്ട്.
ഇതിനൊപ്പം നോര്‍ത്ത് കൊറിയന്‍ പൗരന്‍മാര്‍ക്ക് വിസ നല്‍കുന്നത് അവസാനിപ്പിക്കാനും രാജ്യവുമായുള്ള വാണിജ്യ, ഗതാഗത ബന്ധം റദ്ദാക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഉത്തര കൊറിയയില്‍ നിന്നുള്ള പ്രവാസികള്‍ രാജ്യത്തേക്ക് അയക്കുന്ന പണം ഭരണസംവിധാനത്തിന് ഗുണകരമാകുന്നുണ്ടെന്നും ഇതിനാല്‍ ഇവര്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ നല്‍കുന്നത് അവസാനിപ്പിക്കണമെന്നുമുള്ള ദക്ഷിണകൊറിയയുടേയും ജപ്പാന്റേയും സമ്മര്‍ദ്ദം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് കുവൈറ്റിന്റെ കടുത്ത തീരുമാനം.