പ്യോങ്ഗ്യാങ്: ലോകത്തിലെ പ്രബല ആണവ ശക്തിയായ ഉത്തരകൊറിയ രൂപീകരിച്ചിട്ട് ഇന്ന് 70 വര്‍ഷങ്ങള്‍ പൂര്‍ത്തിയായി. എന്നാല്‍, വാര്‍ഷികാഘോഷ ചടങ്ങുകളില്‍ ഒന്നും ആണവായുധങ്ങള്‍ സൈന്യം പ്രദര്‍ശിപ്പിച്ചില്ല. സാമ്പത്തിക വികസനമാണ് പരേഡില്‍ ഏറ്റവുമധികം ഉണ്ടായിരുന്നത്. പ്രസിഡന്റ് കിം ജോങ് ഉന്‍ രാവിലെ പരേഡില്‍ പങ്കെടുത്തിരുന്നെങ്കിലും ഒന്നും സംസാരിച്ചില്ല. അതേസമയം, കൊറിയന്‍ പാര്‍ലമെന്റ് നേതാവ് കിം യോങ് നാം പൂര്‍ണ്ണമായും സാമ്പത്തിക ഭദ്രതയെക്കുറിച്ചാണ് സംസാരിച്ചത്. രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക ഭദ്രതയിലാണ് ശ്രദ്ധയെന്ന് അദ്ദേഹം പറഞ്ഞു.
നിര്‍മ്മാണ മേഖലയിലെ ആളുകളും വിദ്യാര്‍ത്ഥികളുമടക്കം നിരവധിപ്പേരാണ് പരേഡില്‍ അണി നിരന്നത്. ചൈന അടക്കമുള്ള നിരവധി രാജ്യങ്ങളിലെ നേതാക്കള്‍ ചടങ്ങില്‍ എത്തിയിരുന്നു. 1948 സെപ്തംബര്‍ 9നാണ് ഉത്തരകൊറിയ രൂപീകൃതമായത്.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആദ്യ ഭരണകാലാവധിക്കുള്ളില്‍ തന്നെ ഉത്തര കൊറിയയില്‍ ആണവ നിരായുധീകരണം യാഥാര്‍ഥ്യമാക്കുമെന്നു കിം ജോങ് ഉന്‍ പറഞ്ഞിരുന്നു. 2021ല്‍ ആണു ട്രംപിന്റെ ആദ്യ കാലാവധി കഴിയുന്നത്.
ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായി ഉത്തര കൊറിയന്‍ ഏകാധിപതിയുടെ മൂന്നാമത്തെ ഉച്ചകോടി 18 മുതല്‍ 20 വരെ പ്യോങ്യാങ്ങില്‍ നടക്കും. ആണവ നിരായുധീകരണത്തിന്റെ പ്രായോഗിക നടപടികളെക്കുറിച്ചാകും ചര്‍ച്ചകളെന്ന് മൂണിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ചുങ് ഇയ്വി യോ പറഞ്ഞിരുന്നു.