സിയൂള്‍: അഞ്ചാം ആണവ പരീക്ഷണം നടത്തിയെന്ന് സംശയത്തിനിട നല്‍കി ഉത്തര കൊറിയയില്‍ ഭൂകമ്പം. തലസ്ഥാനമായ പ്യോംഗ്‌യാംഗില്‍ നിന്നു 90 കിലോമീറ്റര്‍ അകലെയുള്ള പ്രധാന ആണവ പരീക്ഷണകേന്ദ്രത്തിന് സമീപം റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രതയുള്ള കമ്പനമാണ് അനുഭവപ്പെട്ടത്. ഇത് കൃത്രിമമായ ഭൂകമ്പമാണെന്ന് ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഭൂകമ്പം ആണവ പരീക്ഷണത്തിന്റെ ആഘാതം മൂലമാകാനുള്ള സാധ്യത ഏറെയാണെന്ന് ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ ആരോപണത്തോട് ഉത്തര കൊറിയ ഇതുവരെ പ്രതികരിച്ചിട്ടില്ല. ആണവ പരീക്ഷണ കേന്ദ്രത്തിലെ പ്രവര്‍ത്തനങ്ങള്‍ ഉത്തര കൊറിയ സജീവമാക്കിയെന്ന് വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.