പൊങ്യാങ്: അമേരിക്കയെ ഭൂമുഖത്ത് നിന്ന് തന്നെ തുടച്ചു നീക്കുമെന്ന് ഉത്തര കൊറിയയുടെ ഭീഷണി.
ഐക്യരാഷ്ട്ര സുരക്ഷാസമിതിയില്‍ ഉത്തര കൊറിയ യുദ്ധം ഇരന്നു വാങ്ങുകയാണെന്ന അമേരിക്കന്‍ പ്രതികരണത്തിന് തൊട്ടുപിന്നാലെയാണ് കൂടുതല്‍ പ്രകോപനവുമായി ഉത്തര കൊറിയ വീണ്ടും രംഗത്ത് വന്നിരിക്കുന്നത്.
ഔദ്യോഗിക മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഐക്യരാഷ്ട്രസഭ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആണവ പരീക്ഷണം നിര്‍ത്തിയില്ലങ്കില്‍ ഉത്തര കൊറിയന്‍ അതിര്‍ത്തി അടക്കുമെന്ന് ചൈന വ്യക്തമാക്കിയെങ്കിലും അതൊന്നും ഉത്തര കൊറിയ മുഖവിലക്കെടുത്തിട്ടില്ല.
കൂടുതല്‍ ശക്തമായ ആണവ പരീക്ഷണം നടത്താനുള്ള നീക്കത്തിലാണ് ഉത്തര കൊറിയ എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിനിടെ കൊറിയന്‍ മുനമ്പില്‍ സംഘര്‍ഷം രൂക്ഷമാക്കി കൊണ്ട് ദക്ഷിണ കൊറിയയും മിസൈല്‍ പരീക്ഷണം നടത്തി.
ഉത്തര കൊറിയയെ ആക്രമിക്കാതെ ഒരു പ്രശ്‌ന പരിഹാരമുണ്ടാകില്ലന്നതാണ് അമേരിക്കയുടെ നിലപാട്.
ആക്രമിക്കാന്‍ പൂര്‍ണ്ണ സജ്ജമായി അമേരിക്ക, ദക്ഷിണ കൊറിയ, ജപ്പാന്‍ സേനാ വിഭാഗങ്ങള്‍ തയ്യാറായി നില്‍ക്കുന്നുണ്ടെങ്കിലും ഉത്തര കൊറിയ ദക്ഷിണ കൊറിയയില്‍ വന്‍ നാശം വിതക്കുമെന്നതിനാല്‍ അത് ഒഴിവാക്കാന്‍ നടപടി സ്വീകരിച്ച് കൊണ്ടുള്ള ആക്രമണം നടത്താനാണ് അമേരിക്കന്‍ സഖ്യസേന പദ്ധതി.
ദക്ഷിണ കൊറിയയില്‍ മിസൈല്‍ പ്രതിരോധ സംവിധാനം കൂടുതല്‍ ശക്തമാക്കിയും അതിര്‍ത്തിയില്‍ വന്‍ സേനാ വിന്യാസം നടത്തിയും പരമാവധി പ്രതിരോധം ശക്തമാക്കി കൊണ്ടിരിക്കുകയാണവര്‍.
അമേരിക്കയാണ് ഇതിന് എല്ലാ സഹായങ്ങളും ചെയ്യുന്നത്.
വന്‍ ആയുധശേഖരവുമായി അമേരിക്കന്‍ പടകപ്പലുകള്‍ ദക്ഷിണ കൊറിയയിലേക്ക് പുറപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ തങ്ങളെ ആക്രമിച്ചാല്‍ മാത്രമല്ല, അതല്ലാതെയും ആക്രമിക്കുമെന്ന നിലപാടിലാണ് ഉത്തര കൊറിയ.
ലോക രാഷ്ട്രങ്ങള്‍ ധിക്കാരിയായ ഏകാധിപതിക്കു മുന്നില്‍ പകച്ച് നില്‍ക്കുമ്പോള്‍ കൂടുതല്‍ അഹങ്കാരിയായി പ്രകോപനം തുടരുകയാണ് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍.
സ്വയം നശിച്ചാലും മറ്റുള്ളവരെയും നശിപ്പിക്കുമെന്ന അത്യന്തം പ്രകോപനപരമായ നിലപാടിലാണ് അദ്ദേഹം.
അതേ സമയം അമേരിക്കയെ കൂടതൽ പ്രകോപിപ്പിച്ച് ഉത്തര കൊറിയയുടെ യു.എൻ പ്രതിനിധി ഹാൻ തയി സോങും രംഗത്തെത്തി.
‘ഇത്തരം ഉപഹാരങ്ങൾ’ അമേരിക്കക്ക് വീണ്ടും നൽകാൻ തങ്ങൾ തയ്യാറാണെന്നാണ് അദ്ദേഹം തുറന്നടിച്ചത്. യുഎൻ സംഘടിപ്പിച്ച പൊതുപരിപാടിക്കിടെയായിരുന്നു പ്രകോപന പ്രസംഗം.