സോള്‍: നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഡൊണാള്‍ഡ് ട്രംപിന് ഉത്തരകൊറിയയുടെ പിന്തുണ. രാജ്യത്തിന്റെ മുഖപത്രത്തിന്റെ പ്രചരണ വെബ്‌സൈറ്റില്‍ ദീര്‍ഘദൃഷ്ടിയുള്ള പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാണ് ട്രംപ് എന്നും അദ്ദേഹത്തിന് വടക്കു നിന്നുള്ള ആണവ ആക്രമണളെ ഭയന്നു ജീവിക്കുന്ന അമേരിക്കകാരെ അതില്‍ നിന്ന് മോചിപ്പിക്കാന്‍ സാധിക്കുമെന്നും പറയുന്നു.
ട്രംപ് ബുദ്ധിമാനായ രാഷ്ട്രീയക്കാരനാണെന്നും നവംബര്‍ എട്ടിനു നടക്കുന്ന തിരഞ്ഞെടുപ്പില്‍ യു.എസ് വോട്ടര്‍മാര്‍ തിരഞ്ഞെടുക്കുന്ന ശരിയായ വ്യക്തി അദ്ദേഹമായിരിക്കുമെന്നും വെബ്‌സൈറ്റ് പറയുന്നു.
ട്രംപിന്റെ മുഖ്യ എതിരാളിയായ ഡെമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനെ ‘വിഡ്ഢിയായ ഹിലരി’ എന്നാണ് അതില്‍ ഉപമിച്ചിരിക്കുന്നത്. കൊറിയന്‍ ഉപദ്വീപിലെ ആണവായുധപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഹിലരി നടത്തിയ പ്രസ്താവനയ്ക്കാണ് ഹിലരിയെ പരിഹസിച്ചുള്ള പരാമര്‍ശം വന്നിരിക്കുന്നത്.
ആണവായുധ പരീക്ഷണങ്ങള്‍ നിര്‍ത്താന്‍ ശ്രമിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരകൊറിയന്‍ നേതാവ് കിം ജോംങുമായി ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചതായി ട്രംപ് പറഞ്ഞിരുന്നു.