അമേരിക്കയെ വിറപ്പിച്ച മിസൈൽ പരമ്പര, റഷ്യൻ ചേരിയുടെ നീക്കങ്ങൾ ‘തന്ത്രപരം’

പ്പാന് മുകളിലൂടെ മിസൈല്‍ പരീക്ഷണം നടത്തി അമേരിക്കന്‍ ചേരിയെ വിറപ്പിച്ച ഉത്തര കൊറിയ, ദക്ഷിണ കൊറിയയിലേക്കു നടത്തിയത് മിസൈല്‍ പരമ്പര ഒറ്റ ദിവസം കൊണ്ട് 23 മിസൈലുകളാണ് ഇത്തരത്തില്‍ ഉത്തര കൊറിയ തൊടുത്ത് വിട്ടിരിക്കുന്നത്. ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകള്‍ ഉള്‍പ്പെടെയാണ് ഉത്തര കൊറിയ അയച്ചത്. ദക്ഷിണ കൊറിയന്‍ നഗരമായ സോക്ചോയില്‍നിന്ന് 60 കിലോ മീറ്റര്‍ മാത്രം അകലെ മാത്രം മിസൈല്‍ പതിച്ചത് ജനങ്ങളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. കൊറിയന്‍ യുദ്ധവിരാമത്തിന് ശേഷം ചരിത്രത്തില്‍ ആദ്യമായാണ് ദക്ഷിണ കൊറിയയുടെ സമുദ്രാതിര്‍ത്തിക്ക് സമീപം ഉത്തര കൊറിയയുടെ മിസൈലുകള്‍ പതിച്ചിരിക്കുന്നത്. ഉത്തര കൊറിയന്‍ പ്രകോപനത്തിന് മറുപടിയായി മൂന്ന് മിസൈലുകള്‍ തൊടുത്ത് ദക്ഷിണ കൊറിയയും തിരിച്ചടിച്ചിട്ടുണ്ട്. ഇതിനു മറുപടിയായി ആറ് മിസൈലുകളും 100 പീരങ്കി ഷെല്ലുകളും തൊടുത്ത് വിട്ട് ഉത്തര കൊറിയ വീണ്ടും ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.

ഇരു രാജ്യങ്ങളും തമ്മിലുള്ള സമുദ്രാതിര്‍ത്തിയിലാണ് ഈ മിസൈലുകള്‍ എല്ലാം പതിച്ചതെങ്കിലും ഏത് നിമിഷവും നഗരങ്ങളില്‍ മിസൈല്‍ പതിക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. ദക്ഷിണ കൊറിയയും അമേരിക്കയും നടത്തുന്ന സംയുക്ത സൈനികാഭ്യാസത്തിനുള്ള മറുപടിയാണ് ഉത്തര കൊറിയയുടെ ഈ മിസൈല്‍ പ്രയോഗങ്ങള്‍ എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെങ്കിലും, അതിലും അപ്പുറമാണ് കാര്യങ്ങള്‍ എന്നാണ് നയതന്ത്ര വിദഗ്ദര്‍ വിലയിരുത്തുന്നത്. യുക്രെയിന്‍ – റഷ്യ യുദ്ധവുമായി ഇപ്പോഴത്തെ ഉത്തര കൊറിയന്‍ പ്രകോപനത്തിന് ബന്ധമുണ്ടെന്നാണ് നയതന്ത്ര വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. റഷ്യയുടെ അടുത്ത സുഹൃത്തായ ഉത്തര കൊറിയയുടെ ഇപ്പോഴത്തെ പ്രകോപനത്തിന് പിന്നില്‍ റഷ്യയുടെ പ്രേരണ ഉണ്ടാകാമെന്നതാണ് വിലയിരുത്തല്‍. യുക്രെയിന് പണവും ആധുനിക ആയുധങ്ങളും ടെകനോളജിയും എല്ലാം നല്‍കുന്നത് അമേരിക്കന്‍ ചേരിയാണ്. എപ്പോഴേ അവസാനിക്കേണ്ട റഷ്യന്‍ സൈനിക നടപടിയുടെ വേഗത കുറഞ്ഞതും നാറ്റോ സഖ്യത്തിന്റെയും യൂറോപ്പ്യന്‍ രാജ്യങ്ങളുടെയും ഇത്തരത്തിലുള്ള ഇടപെടലിനെ തുടര്‍ന്നാണ്. റഷ്യയുമായി നേരിട്ട് ഏറ്റുമുട്ടാന്‍ ഭയമുള്ള ഈ രാജ്യങ്ങളെല്ലാം യുക്രെയിനെ മുന്‍ നിര്‍ത്തിയാണ് ‘ കളിച്ചു ‘ കൊണ്ടിരിക്കുന്നത്. ഈ തന്ത്രത്തിന് അതേ മാതൃകയില്‍ മറുപടി നല്‍കാന്‍ റഷ്യ തീരുമാനിച്ചതാണ്, ഉത്തര കൊറിയയുടെ മിസൈല്‍ വര്‍ഷത്തിന് കാരണമെന്നാണ് നയതന്ത്ര വിദഗ്ദര്‍ സംശയിക്കുന്നത്.

അമേരിക്കവരെ എത്താന്‍ ശേഷിയുള്ള ആണവ മിസൈലുകള്‍ നിലവില്‍ ഉത്തര കൊറിയക്കുണ്ട്. അതു കൊണ്ടു തന്നെ അമേരിക്കയും വളരെ ഗൗരവമായാണ് ഇപ്പോഴത്തെ പ്രകോപനങ്ങളെ നോക്കി കാണുന്നത്. ഇപ്പോള്‍ തന്നെ ഒരു ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള എല്ലാ പ്രകോപനവും ഉണ്ട്. ഒരു മിസൈല്‍ ലക്ഷ്യം തെറ്റി നഗരത്തില്‍ പതിച്ചാല്‍, അതോടെ ഉത്തര കൊറിയയുമായുള്ള അമേരിക്കന്‍ ചേരിയുടെ യുദ്ധം ആരംഭിക്കും. ഇത്തരമൊരു സാഹചര്യം ഉണ്ടായാല്‍ , ഉത്തര കൊറിയയുടെ അടുത്ത സുഹൃത്തായ ചൈനക്കും രംഗത്തിറങ്ങേണ്ട സാഹചര്യം ഉണ്ടാകും. അവസരം മുതലാക്കി ചൈന തായ് വാന്‍ പിടിച്ചെടുക്കാനും ശ്രമിച്ചേക്കും, ഒരു ഭാഗത്ത് റഷ്യ – യുക്രെയിന്‍ യുദ്ധം , മറുഭാഗത്ത് ചൈന – തായ് വാന്‍ സൈനിക നടപടിയും , ഉത്തര കൊറിയയുമായി യുദ്ധവുമൊക്കെ വന്നാല്‍, അമേരിക്കന്‍ സൈനിക സഖ്യത്തിന് അത് ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായി മാറും. അതോടെ, റഷ്യയുടെ യുദ്ധതന്ത്രവും മാറും, യുക്രെയിനിലെ ചില പ്രദേശങ്ങള്‍ മാത്രം ലക്ഷ്യമിട്ട റഷ്യ, നശീകരണ ശേഷിയുള്ള ആയുധങ്ങള്‍ പുറത്തെടുത്ത് യുക്രെയിനെ പൂര്‍ണ്ണമായും , അതോടൊപ്പം തന്നെ പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായ എല്ലാ രാജ്യങ്ങളെയും പിടിച്ചെടുക്കാന്‍ ശ്രമിച്ചേക്കും. നിലവില്‍ ഈ രാജ്യങ്ങളില്‍ പലതും അമേരിക്കന്‍ ചേരിയിലാണ് ഉള്ളത്.

റഷ്യയും ചൈനയും ഉത്തര കൊറിയയും അമേരിക്കന്‍ ചേരിക്കെതിരെ സംഘടിതമായി പോര്‍മുഖം തുറന്നാല്‍, അതിനെ ചെറുക്കാനുള ശേഷിയൊന്നും അമേരിക്കന്‍ ചേരിക്കുണ്ടാവുകയില്ല. അതാകട്ടെ ഒടുവില്‍ , ലോകത്തിന്റെ സര്‍വ്വ നാശത്തിലാണ് കലാശിക്കുക. ഇത്തരം ഒരു സാഹചര്യം ഒഴിവാക്കാന്‍, റഷ്യന്‍ – അമേരിക്കന്‍ ചേരിയുമായി അടുത്ത ബന്ധമുള്ള ഇന്ത്യയ്ക്കാണ് വലിയ പങ്കു വഹിക്കാന്‍ കഴിയുക എന്നാണ് നയതന്ത്ര വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, അത് എത്രമാത്രം ഫലപ്രാപ്തിയില്‍ എത്തുമെന്ന കാര്യത്തില്‍, അവര്‍ക്കിടയിലും സംശയങ്ങള്‍ ഏറെയാണ്.

 

Top