സോള്‍: ഉത്തരകൊറിയ വീണ്ടും മൂന്നു ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചു. ഉത്തരകൊറിയയുടെ കിഴക്കന്‍ തീരത്തെ കടലിലാണു പരീക്ഷണം നടത്തിയതെന്ന് ദക്ഷിണ കൊറിയ ജോയിന്റ് ചീഫ് ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു.
പ്രാദേശിക സമയം തിങ്കളാഴ്ച ഉച്ചയ്ക്കാണു വിക്ഷേപണം നടന്നത്. ജി20 ഉച്ചകോടിയില്‍ ദക്ഷിണകൊറിയന്‍ നേതാക്കളും ചൈനീസ് നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് ഉത്തരകൊറിയയുടെ ഭാഗത്തുനിന്നും പ്രകോപനം ഉണ്ടായത്.
യുഎന്‍ ഉപരോധം നേരിടുന്ന ഉത്തര കൊറിയയ്ക്കു ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്താന്‍ വിലക്കുണ്ട്. എന്നാല്‍, ജനുവരിയിലെ നാലാമത്തെ ആണവ പരീക്ഷണത്തിനുശേഷം ഒട്ടേറെ മിസൈല്‍ പരീക്ഷണങ്ങളാണ് ഉത്തര കൊറിയ നടത്തിയത്.
ഏതാനും ദിവസം മുന്‍പ് ജപ്പാന്‍ ലക്ഷ്യംവച്ച് ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു. അന്തര്‍വാഹിനിയില്‍നിന്നു തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ 500 കിലോമീറ്റര്‍ പിന്നിട്ടതായി ദക്ഷിണ കൊറിയന്‍ സൈന്യം നിരീക്ഷിച്ചു.
ഭൂഖണ്ഡാന്തര ആണവ മിസൈല്‍ പ്രയോഗിക്കാനുള്ള സാങ്കേതികശക്തി ഉത്തര കൊറിയ നേടിയതായി ഇതു തെളിയിക്കുന്നതായും സൈനികവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.