സോള്‍: ഏതുദിശയില്‍നിന്നുമുള്ള വ്യോമാക്രമണങ്ങളെയും നിര്‍വീര്യമാക്കുന്ന രാജ്യത്തെ പുതിയ വ്യോമാക്രമണ പ്രതിരോധസംവിധാനം വിജയകരമായി പരീക്ഷിച്ചതായി ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി.
വ്യോമാക്രമണ പ്രതിരോധസംവിധാനത്തിന്റെ വിജയകരമായ പരീക്ഷണം നേരിട്ടു കണ്ട് വിലയിരുത്തി വന്‍തോതില്‍ നിര്‍മാണം നടത്താനും രാജ്യമെമ്പാടും ഇവ സ്ഥാപിക്കാനും കിം ജോങ് ഉന്‍ ഉത്തരവിട്ടു.
ആണവായുധങ്ങളും മിസൈലുകളും നിര്‍മിക്കുന്ന അക്കാദമി ഓഫ് നാഷനല്‍ ഡിഫന്‍സ് സയന്‍സാണ് പ്രതിരോധ സംവിധാനം വികസിപ്പിച്ചത്.
അതേസമയം, ഉത്തരകൊറിയയുടെ ആണവാക്രമണ ഭീഷണിയെ നേരിടാന്‍ അമേരിക്കയും യുദ്ധസന്നാഹങ്ങള്‍ വികസിപ്പിച്ചു.
ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (ഐസിബിഎം) ലക്ഷ്യത്തിലെത്തും മുമ്പേ ആകാശത്തുവച്ചു തകര്‍ക്കാവുന്ന പ്രതിരോധമിസൈല്‍ (ഇന്റര്‍സെപ്റ്റര്‍) അടുത്തയാഴ്ച പരീക്ഷിക്കുമെന്നു പെന്റഗണ്‍ അറിയിച്ചു.
ആദ്യമായാണു കരയില്‍നിന്നും തൊടുക്കാവുന്നതും ശേഷികൂടിയതുമായ ഭൂഖണ്ഡാന്തര മിസൈല്‍ പ്രതിരോധം അമേരിക്ക പരീക്ഷിക്കുന്നത്.
ചൊവ്വാഴ്ച കാലിഫോര്‍ണിയയിലാകും പരീക്ഷണം.
ജപ്പാനെയും യുഎസ് സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിടുന്ന മധ്യദൂര മിസൈലുകള്‍ ഇനിയും വലിയതോതില്‍ നിര്‍മിക്കുകയും പരീക്ഷിക്കുകയും ചെയ്യുമെന്നും ഉത്തരകൊറിയയുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് പെന്റഗണിന്റെ നീക്കം.