സോള്‍: ബാലിസ്റ്റിക് മിസൈലുകളില്‍ ആണവ പോര്‍മുനകള്‍ ഘടിപ്പിക്കാന്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിംജോങ് ഉന്‍ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. പ്രവര്‍ത്തനം നടന്നുവരുന്ന പ്രദേശങ്ങളില്‍ കിം സന്ദര്‍ശനം നടത്തിയതായി ഉത്തരകൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ അറിയിച്ചു.
രാജ്യത്തിനെതിരായ ആക്രമണങ്ങളെ തടയുന്നതിനായി ആണവായുധങ്ങളുടെ ശേഖരം നിര്‍മിക്കണമെന്നാണ് ആവശ്യം. ഗവേഷകര്‍ക്ക് ഇതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
ഈ വര്‍ഷം ജനുവരി ആറിന് ഉത്തരകൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചിരുന്നു. എന്നാല്‍ അത് ആണവായുധ പരീക്ഷണമായിരുന്നുവെന്നായിരുന്നു വിദഗ്ധരുടെ അഭിപ്രായം. ഇതേത്തുടര്‍ന്ന് ഇരുപതു വര്‍ഷത്തിനിടയില്‍ ഉണ്ടായതില്‍ വച്ച് ഏറ്റവും കര്‍ശനമായ ഉപരോധം ഐക്യരാഷ്ട്ര സംഘടന ഉത്തരകൊറിയയുടെ മേല്‍ ഏര്‍പ്പെടുത്തിയിരുന്നു. രാജ്യാന്തര സമൂഹത്തില്‍നിന്നു തന്നെ ഉത്തരകൊറിയയ്ക്ക് എതിരെ ശക്തമായ പ്രതിഷേധമാണുയരുന്നത്.
യുദ്ധത്തിനു തയാറായിരിക്കാന്‍ കിം ഉത്തരവിട്ടിരുന്നു. ശത്രുക്കളുടെ ഭാഗത്തു നിന്നും ഭീഷണി വര്‍ധിക്കുന്ന സാഹചര്യത്തിലായിരുന്നു ഇത്തരത്തിലൊരു നിര്‍ദേശം നല്‍കിയിരുന്നത്. യുഎന്‍ ഉപരോധം ഏര്‍പ്പെടുത്തിയതിനു പിന്നാലെയായിരുന്നു ഇത്. പുതിയതായി വികസിപ്പിച്ചെടുത്ത റോക്കറ്റ് ലോഞ്ചറുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കിം ജോങ് പരിശോധിച്ചിരുന്നു. ഉപരോധം ഏര്‍പ്പെടുത്തി മണിക്കൂറുകള്‍ക്കകം ഉത്തരകൊറിയ അയച്ച ആറ് ഹ്രസ്വ ദൂര മിസൈലുകള്‍ 100-150 കിലോമീറ്റര്‍ സഞ്ചരിച്ചാണു കടലില്‍ പതിച്ചതെന്നു ദക്ഷിണകൊറിയ വെളിപ്പെടുത്തിയിരുന്നു.
ദക്ഷിണ കൊറിയ, ജപ്പാന്‍, യുഎസ് എന്നീ രാജ്യങ്ങള്‍ക്കാണ് ഉത്തര കൊറിയയുടെ ഭീഷണിയുള്ളത്.