സോള്‍: അമേരിക്കയ്‌ക്കെതിരെ വീണ്ടും ആണവപരീക്ഷണം നടത്തുമെന്ന് ഉത്തര കൊറിയ.
പസിഫിക് സമുദ്രത്തില്‍ ഏറ്റവും ശക്തിയേറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കാനാണ് ഉത്തര കൊറിയയുടെ അടുത്ത പദ്ധതി.
ഉത്തര കൊറിയയെ പൂര്‍ണമായും നശിപ്പിച്ചു കളയുമെന്നു ട്രംപ് ഭീഷണി മുഴക്കിയതിന് മറുപടിയായാണ് ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കാന്‍ ആലോചിക്കുന്നതായി വിദേശകാര്യ മന്ത്രി റി യോങ് ഹോ വെളിപ്പെടുത്തിയത്.
ന്യൂയോര്‍ക്കില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ‘അപ്രതീക്ഷിത ശക്തിയുള്ള ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും, ഞങ്ങളുടെ നേതാവാണ് കാര്യങ്ങള്‍ തീരുമാനിക്കുകയെന്നും, കൂടുതല്‍ അറിയില്ലെന്നും റി യോങ് ഹോ പറഞ്ഞു.
ഈ മാസമാദ്യം ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ച് ഉത്തര കൊറിയ ലോകത്തെ നടുക്കിയിരുന്നു.
രണ്ടാം ലോകയുദ്ധത്തിന്റെ അവസാന നാളുകളില്‍ ജപ്പാനിലെ ഹിരോഷിമയില്‍ യുഎസ് ബോംബര്‍ വിമാനങ്ങള്‍ വര്‍ഷിച്ച ‘ലിറ്റില്‍ ബോയ്’ അണുബോംബിന്റെ (15 കിലോ ടണ്‍) എട്ടിരട്ടി (120 കിലോ ടണ്‍) സംഹാരശേഷി ഇതിനുണ്ടായിരുന്നെന്നാണു നിഗമനം.
വിവിധ ഭൂചലനമാപിനികളില്‍ 6.3 തീവ്രതയാണ് സ്‌ഫോടനം രേഖപ്പെടുത്തിയത്.
ഉത്തരകൊറിയയുടെ ആറാമത്തെ അണുബോംബ് പരീക്ഷണമായിരുന്നു അവസാനം നടന്നത്. മാത്രമല്ല ഇതുവരെ നടത്തിയ പരീക്ഷണങ്ങളില്‍ ഏറ്റവും ശക്തവുമായിരുന്നു അത്.
എന്നാല്‍, മുന്‍പത്തെക്കാള്‍ വലിയ അണുബോംബ് പരീക്ഷിക്കാനാണു ഉത്തര കൊറിയ തയാറെടുക്കുന്നത് എന്നാണ് വിദേശകാര്യ മന്ത്രി നല്‍കുന്ന സൂചന.
ഉത്തര കൊറിയയ്ക്കുമേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവ് ഇറക്കിയതിനു മണിക്കൂറുകള്‍ക്കമാണ് പുതിയ വെളിപ്പെടുത്തല്‍.
‘ഭ്രാന്തുപിടിച്ച യുഎസ് വൃദ്ധനാ’ണ് ട്രംപ് എന്ന് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ വിശേഷിപ്പിച്ചിരുന്നു.
‘റോക്കറ്റ് മാനും’ ഉത്തര കൊറിയയും ഭീഷണി തുടര്‍ന്നാല്‍ പൂര്‍ണമായി നശിപ്പിച്ചു കളയുമെന്ന് യുഎന്‍ പൊതുസഭയിലെ ആദ്യ പ്രസംഗത്തിലാണ് ട്രംപ് തുറന്നടിച്ചത്.
തുടര്‍ച്ചയായ ആണവ, ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ ഉത്തരകൊറിയയ്ക്കുമേല്‍ യുഎന്‍ രക്ഷാസമിതി കടുത്ത ഉപരോധങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.