ഉത്തരകൊറിയ: ഉത്തരകൊറിയയില്‍ സാമൂഹികമാധ്യമങ്ങള്‍ നിരോധിച്ചു. ഫേസ്ബുക്ക്, യൂടൂബ്, ട്വിറ്റര്‍, ദക്ഷിണ കൊറിയയുടെ വെബ്‌സൈറ്റുകള്‍ എന്നിവയ്ക്കാണ് നിരോധനം. പ്രധാന മൊബൈല്‍ സേവന ദാതാവായ കോര്യോലിങ്കും മറ്റു ഇന്റര്‍നെറ്റ് സേവനങ്ങളും വഴിയാണ് ഉത്തരകൊറിയ ഇക്കാര്യം അറിയിച്ചത്. ഉത്തരകൊറിയയുടെ തുടര്‍ച്ചയായ മിസൈല്‍ പരീക്ഷണങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുകയും യുഎന്‍ ഉപരോധം കര്‍ശനമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്.
ഗവണ്‍മെന്റ് നിയന്ത്രണത്തിലുള്ള വെബ്‌സൈറ്റുകള്‍ മാത്രമാണിപ്പോള്‍ രാജ്യത്ത് ലഭ്യമാകുന്നത്. ഉത്തരകൊറിയയില്‍ താമസിക്കുന്ന ഇതരരാജ്യക്കാര്‍ വഴി രാജ്യത്തെ വിവരങ്ങള്‍ പുറംലോകത്ത് എത്താതിരിക്കാനാണ് നിയന്ത്രണമെന്നാണ് വിവരം. ഉത്തരകൊറിയയെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ രാജ്യത്തിനകത്തുള്ള വിദേശികള്‍ അറിയാതിരിക്കാന്‍ കൂടിയാണ് പുതിയ നടപടി.
നിരോധിച്ച മാധ്യമങ്ങള്‍ ഹാക്ക് ചെയ്യുകയോ രാജ്യത്തിനെതിരായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഉത്തരകൊറിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. അയല്‍ രാജ്യമായ ചൈനയുടെ അതേ നയമാണ് സാമൂഹിക മാധ്യമങ്ങളുടെ നിയന്ത്രണത്തില്‍ ഉത്തരകൊറിയ സ്വീകരിച്ചിരിക്കുന്നത്. കണക്കുകള്‍ പ്രകാരം ഉത്തരകൊറിയയില്‍ 20ലക്ഷത്തിലധികമാളുകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ട്. നിയന്ത്രണം വരുന്നതോടെ ഗവണ്‍മെന്റിന്റെ അനുമതിയുള്ള ഉദ്യോഗസ്ഥര്‍ക്ക് മാത്രം ഇന്റര്‍നെറ്റ് ഉപയോഗിക്കാം. 2013 മുതലാണ് ഇതരരാജ്യക്കാര്‍ക്ക് രാജ്യത്തിനകത്ത് 3ജി സേവനം ഉപയോഗിക്കുന്നതിന് ഉത്തരകൊറിയ അനുമതി നല്‍കിയത്.
യുഎന്‍ വിലക്ക് മറികടന്ന് ജനുവരി ആറിനാണ് ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തിയത്. തുടര്‍ന്ന് ഒട്ടനവധി രാജ്യങ്ങള്‍ ഇതിനെതിരെ രംഗത്ത് വരുകയും യു.എന്‍ ഉപരോധം കര്‍ശനമാക്കുകയും ചെയ്തു. എന്നാല്‍ വിലക്ക് വകവെക്കാതെ ഉത്തരകൊറിയ വീണ്ടും മിസൈല്‍പരീക്ഷണങ്ങള്‍ നടത്തിയിരുന്നു.