പ്യോങ്യാങ്: കിം ജോങ് ഉന്നിന്റെ മരണം സംബന്ധിച്ച വാര്‍ത്തകള്‍ക്ക് സന്‍ചോണിലെ ഒരു വളം ഫാക്ടറിയുടെ ഉദ്ഘാടനത്തില്‍ പങ്കെടുത്ത ചിത്രങ്ങള്‍ പങ്കിട്ടാണ് ഉത്തര കൊറിയ മറുപടി നല്‍കിയത്. ഇപ്പോഴിതാ രഹസ്യാന്വേഷണ ഏജന്‍സിയുടെ തലവനേയും, സുപ്രീം ഗാര്‍ഡ് കമാന്‍ഡറെയും കിം മാറ്റി നിയമിച്ചതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. കിമ്മിന്റെയും കുടുംബത്തിന്റെയും സംരക്ഷണച്ചുമതല സുപ്രീം ഗാര്‍ഡ് കമാന്‍ഡര്‍ക്കാണ്.
ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള ഇംഗ്ലിഷ് ദിനപത്രം ‘കൊറിയ ഹെറാള്‍ഡില്‍ പറയുന്നത് 2019 ഡിസംബറില്‍ രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സി ഡയറക്ടറായിരുന്ന ജാം കില്‍-സോങ്ങിനു പകരം ലഫ്റ്റനന്റ് ജനറല്‍ റിം ക്വാങ്-ഇല്ലിനെ നിയമിച്ചു. കൂടാതെ ഭരണകക്ഷി വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ മിലിട്ടറി കമ്മിഷന്‍ അംഗമായും റിം ക്വാങ്-ഇല്‍ നിയമിതനായി. കൂടാതെ 2010 മുതല്‍ കിമ്മിന്റെ മുഖ്യ അംഗരക്ഷകനായിരുന്ന ആര്‍മി ജനറല്‍ യുന്‍ ജോങ്-റിന് പകരം ക്വാക്ക് ചാങ്-സിക്കിനെ പുതിയ സുപ്രീം ഗാര്‍ഡ് കമാന്‍ഡറായി നിയമിച്ചു. ഭരണകക്ഷിയുടെ കേന്ദ്രകമ്മിറ്റി അംഗം കൂടിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ദക്ഷിണ കൊറിയ, ജപ്പാന്‍, അമേരിക്ക എന്നിവയ്‌ക്കെതിരെ ഉത്തര കൊറിയ നടത്തിയ ചാരവൃത്തി, രഹസ്യ പ്രവര്‍ത്തനങ്ങള്‍, സൈബര്‍ യുദ്ധം എന്നിവയില്‍ രഹസ്യാന്വേഷണ ഏജന്‍സി പങ്കാളിയാണെന്ന് വിശ്വസിക്കപ്പെടുന്നു. 2010ല്‍ ദക്ഷിണ കൊറിയന്‍ നാവിക കപ്പലായ ചിയോനനെ ആക്രമിച്ചതും ഇവരാണെന്ന് ദക്ഷിണ കൊറിയ വിശ്വസിക്കുന്നു. ആക്രമണത്തില്‍ 46 നാവികരാണു കൊല്ലപ്പെട്ടത്. അപ്പോള്‍ സൈനിക ജനറലും മുന്‍ എന്‍കെ ന്യൂക്ലിയര്‍ പ്രതിനിധിയുമായ കിം യോങ്-ചോല്‍ 2009ല്‍ ഏജന്‍സി നിലവില്‍ വന്നപ്പോള്‍ അതിന്റെ തലവനായിരുന്നു.
അതേസമയം, മുന്‍നിരയിലുള്ള രണ്ടു ഉദ്യോഗസ്ഥരെ മാറ്റിയത് എന്തുകൊണ്ടാണെന്ന് ഇപ്പോഴും വ്യക്തമല്ല. പ്രധാന സഹായികളെ സുപ്രധാന തസ്തികകളില്‍ ഉള്‍പ്പെടുത്തി കിം അധികാരത്തില്‍ പിടിമുറുക്കാന്‍ ശ്രമിക്കുകയാണെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം 80 ശതമാനം പോളിറ്റ് ബ്യൂറോ അംഗങ്ങളെ പുനഃസ്ഥാപിച്ചിരുന്നു. സ്റ്റേറ്റ് അഫയേഴ്‌സ് കമ്മിഷന്റെ 82 ശതമാനം പേരെ മാറ്റി. കിം ഗുരുതരവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്ന സമയത്ത് സഹോദരി കിം യോ-ജോങ് പിന്‍ഗാമിയാകാമെന്നും രാജ്യാന്തര മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. കിമ്മിനൊപ്പം ഉത്തരകൊറിയയുടെ രാഷ്ട്രീയ നേതൃത്വത്തിലുള്ള ഇടപെടലുകളാണ് അതിനുള്ള കാരണമായി വിലയിരുത്തിയത്.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് എന്നിവരുമായി കിം ചര്‍ച്ച നടത്തിയപ്പോള്‍ സഹോദരിയാണ് കൂടെയുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ നടപടി തനിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് കാണിക്കാനോ, ഉത്തര കൊറിയയുടെ ആക്രമണോത്സുകത അവസാനിച്ചിട്ടില്ലെന്ന് ലോക രാഷ്ട്രങ്ങളെ ബോധ്യപ്പെടുത്താനോ, സഹോദരിയെക്കാള്‍ താനാണ് സമര്‍ത്ഥനെന്ന് തെളിയിക്കാനുള്ളതാണോ എന്നും രാജ്യാന്തര മാധ്യമങ്ങള്‍ അഭിപ്രായപ്പെടുന്നു.