ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു; വാര്‍ത്ത പുറത്തുവിട്ട് ദക്ഷിണകൊറിയ

ടോക്കിയോ: ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍. ബാലിസ്റ്റിക് മിസൈലെന്ന് തോന്നിപ്പിക്കുന്ന മിസൈല്‍ ഉത്തരകൊറിയ പരീക്ഷിച്ചതായി ദക്ഷിണ കൊറിയയാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ പരീക്ഷണം വിജയകരമാണോയെന്ന് വ്യക്തമല്ല

ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോന്‍ഗ്യാങിന് വടക്ക് പടിഞ്ഞാറന്‍ പ്രദേശമായ കുസോംഗില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് പരീക്ഷണം നടത്തിയത്. കഴിഞ്ഞ മാസം മാത്രം രണ്ട് തവണ ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു. എന്നാല്‍ രണ്ട് പരീക്ഷണങ്ങളും പരാജയമായിരുന്നു.

അമേരിക്കയുമായുള്ള സംഘര്‍ഷാവസ്ഥ രൂക്ഷമായികൊണ്ടിരിക്കവെയാണ് ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചത്. തുടര്‍ച്ചയായ മിസൈല്‍ പരീക്ഷണത്തിലൂടെ തങ്ങള്‍ ആണവ പരീക്ഷണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന സന്ദേശമാണ് ഉത്തരകൊറിയ നല്‍കുന്നത്.

ഉത്തരകൊറിയ പരീക്ഷണങ്ങളുമായി മുന്നോട്ട് പോവുകയാണെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഇതിന് മുന്‍പ് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു.

Top