സിയൂള്‍: ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി. കഴിഞ്ഞ ദിവസം ലോകശ്രദ്ധയാകര്‍ഷിച്ച ആയുധ പ്രകടനം നടത്തിയതിന് തൊട്ടുപിന്നാലെയാണ് ശക്തി തെളിയിക്കാന്‍ പരീക്ഷണം നടത്തിയത്.
ഉത്തരകൊറിയയിലെ തീരനഗരമായ സിന്‍പോയിലായിരുന്നു പരീക്ഷണമെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധമന്ത്രാലയം ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ മിസൈല്‍ പരീക്ഷണം പരാജയമായിരുന്നെന്ന് ദക്ഷിണ കൊറിയന്‍ സൈന്യം അറിയിച്ചു.
പരീക്ഷണത്തിന് ഉപയോഗിച്ചത് ഏത് തരത്തിലുളള മിസൈലാണെന്നത് വ്യക്തമല്ല. ഇതിന് മുന്‍പ് അഞ്ച് തവണ ഉത്തര കൊറിയ ആണവ മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു.
കൂടുതല്‍ മിസൈല്‍ പരീക്ഷണം നടത്താനുളള നടപടികളുമായി മുന്നോട്ട് പോവുകയാണെന്ന് ഉത്തര കൊറിയ വ്യക്തമാക്കി.
തലസ്ഥാനമായ പ്യോങ്യാങ്ങില്‍ ഉത്തര കൊറിയയുടെ സ്ഥാപക നേതാവ് കിം ഇല്‍ സങ്ങിന്റെ നൂറ്റിയഞ്ചാം ജന്മദിനത്തില്‍ നടന്ന സൈനിക പരേഡ് ഉത്തര കൊറിയയുടെ ആണവ സമ്പന്നത വിളിച്ചോതുന്നതായിരുന്നു.