ആദ്യ ആണവ മുങ്ങിക്കപ്പല്‍ നീറ്റിലിറക്കി ഉത്തര കൊറിയ

സിയോള്‍: ആദ്യ ആണവ മുങ്ങിക്കപ്പല്‍ നീറ്റിലിറക്കി ഉത്തര കൊറിയ. കടലിനടിയിൽ നിന്ന് ആണവായുധങ്ങൾ തൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ മുന്നേറ്റമെന്ന് ഉത്തര കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി വിശദമാക്കുന്നത്. കൊറിയന്‍ പെനിസുലയിലും ജപ്പാന്‍ തീരത്തിനോട് ചേര്‍ന്നുമാണ് പുതിയ ആണവ അന്തര്‍ വാഹിനിയുടെ സേവനമുണ്ടാകുകയെന്നാണ് ഉത്തര കൊറിയ വിശദമാക്കുന്നത്.

ഹീറോ കിം കുന്‍ ഒകെയെന്നാണ് ആണവ അന്തര്‍ വാഹിനിക്ക് നല്‍കിയിരിക്കുന്ന പേര്. അന്തര്‍ വാഹിന് നമ്പര്‍ 841 ന് ഉത്തര കൊറിയയിലെ നാവിക ഉദ്യോഗസ്ഥനും ചരിത്ര പുരുഷനുമായ കിം കുന്നിന്റെ പേരാണ് ഉത്തര കൊറിയന്‍ ഭരണാധികാരി അന്തര്‍വാഹിനിക്ക് നല്‍കിയിട്ടുള്ളത്. കിം ജോങ് ഉന്‍ അന്തര്‍വാഹിനിയെ നീറ്റിലിറക്കുന്ന ചടങ്ങില്‍ പങ്കെടുത്തതായാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏറെക്കാലമായി ഉത്തര കൊറിയ നിര്‍മ്മിക്കുന്നുവെന്ന അഭ്യൂഹം യാഥാര്‍ത്ഥ്യമാക്കിയാണ് ആണവ അന്തര്‍ വാഹിനി നീറ്റിലിറക്കിയത്.

അടിച്ചൊതുക്കാന്‍ ശ്രമിക്കുന്ന ശത്രുക്കള്‍ക്കുള്ള ശക്തമായ മറുപടിയെന്നാണ് ആണവ അന്തര്‍വാഹിനിയേക്കുറിച്ച് ഉത്തര കൊറിയ വിശദമാക്കുന്നത്. എന്നാല്‍ 2019ല്‍ കിം നിരീക്ഷിച്ച അന്തര്‍ വാഹിനിയില്‍ ചില്ലറ മാറ്റം വരുത്തിയതാണ് പുതിയ അന്തര്‍വാഹിനിയെന്നാണ് ചില വിദഗ്ധര്‍ വിശദമാക്കുന്നത്. പഴയ അന്തര്‍ വാഹിനിയായതിനാലാണ് പ്രൊപ്പല്ലര്‍ കൃത്യമായി കാണിക്കാത്തതെന്നാണ് ഗവേഷകനായ ജോസഫ് ഡെംപ്സി വിലയിരുത്തുന്നത്.

സോവിയറ്റ് കാലത്തെ റോമിയോ ക്ലാസ് അന്തര്‍ വാഹിനിയാണ് ഇതെന്നാണ് വിമര്‍ശകര്‍ നിരീക്ഷിക്കുന്നത്. ഈ അന്തര്‍വാഹിനി പ്രവര്‍ത്തിക്കാന്‍ കഴിവുള്ളതാണോയെന്ന സംശയവും ആയുധ വിദഗ്ധര്‍ ഉയര്‍ത്തുന്നുണ്ട്. ബുധനാഴ്ചയായിരുന്നു ഏറെ ആഘോഷത്തോട് കൂടിയുള്ള ആണവ അന്തര്‍വാഹിനിയുടെ നീറ്റിലിറക്കല്‍.

Top