സിയൂള്‍: ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു.
ആദ്യത്തെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് മൂന്നാഴ്ചകള്‍ക്കുള്ളിലാണ് പുതിയ പരീക്ഷണം. 3,000 കി.മീ ഉയരത്തില്‍ പറന്ന മിസൈല്‍ ജപ്പാന്‍ കടലിലാണ് പതിച്ചത്. ജൂലൈ ആദ്യവാരത്തില്‍ പരീക്ഷിച്ച മിസൈലിനേക്കാളും ഉയരത്തിലും ദൂരത്തിലും സഞ്ചരിക്കാന്‍ പുതിയ മിസൈലിനായതായി പറയുന്നു.
അമേരിക്കന്‍ സ്റ്റേറ്റായ കൊളറാഡോയുടെ തലസ്ഥാനമായ ഡെന്‍വര്‍, ഷിക്കാഗോ എന്നിവ പുതിയ മിസൈലിന്റെ പരിധിയില്‍ വരുമെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
ഉത്തരകൊറിയയുടെ ജഗാംഗ് പ്രവിശ്യയില്‍ നിന്ന് അര്‍ധരാത്രിയാണ് മിസൈല്‍ പരീക്ഷണം നടത്തിയത്. ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങള്‍ സാധാരണ രാത്രിയില്‍ നടക്കാറില്ല. എന്നാല്‍ എന്തുകൊണ്ടാണ് രാത്രിയില്‍ പരീക്ഷണം നടത്തിയതെന്ന് വ്യക്തമല്ലെന്നും തെക്കന്‍ കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ യൊനാപ്പ് പറയുന്നു.
ഈ മാസമാദ്യമാണ് അമേരിക്കയിലെ അലാസ്‌ക്കയിലെത്താന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈല്‍ ഉത്തര കൊറിയ പരീക്ഷിച്ചത്. ആണവായുധം വഹിക്കാന്‍ ശേഷിയുള്ളതാണ് ഈ മിസൈല്‍.