ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി, പരാജയമെന്ന് അമേരിക്ക

സോള്‍: ഉത്തര കൊറിയ വീണ്ടും മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയെന്ന് അമേരിക്ക. സംഘര്‍ഷാവസ്ഥ നിലനില്‍ക്കെയാണ് ഉത്തരകൊറിയയുടെ ഈ നടപടി. എന്നാല്‍, ഇത് പരാജയമായിരുന്നുവെന്നും യുഎസ് സൈന്യം അവകാശപ്പെട്ടു.

ഉത്തര കൊറിയ പരീക്ഷിച്ച മിസൈലിന്റെ പ്രധാന ഭാഗം പരീക്ഷണ സ്ഥലത്തു നിന്നും 35 കിലോമീറ്റര്‍ അകലെ തകര്‍ന്നു വീഴുകയായിരുന്നുവെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഉത്തര കൊറിയയുമായുള്ള പ്രശ്‌നം ‘വലിയ, വലിയ’ സംഘര്‍ഷത്തിലെത്തിയേക്കാമെന്നും സൈനിക നടപടിയില്‍ കലാശിച്ചേക്കാമെന്നും യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് പരീക്ഷണം. ഉത്തര കൊറിയയുടെ നടപടി മോശമാണെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ഇന്ന് പരാജയപ്പെട്ട മിസൈല്‍ പരീക്ഷണം നടത്തിയതിലൂടെ ഉത്തര കൊറിയ ചൈനയുടെ ഏറെ ബഹുമാനിക്കപ്പെടുന്ന പ്രസിഡന്റിനെയുമാണ് അനാദരിച്ചതെന്നും ട്രംപ് ട്വീറ്റില്‍ പറഞ്ഞു.

ഉത്തര കൊറിയ നടത്തിയ മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ കുതിച്ചുയര്‍ന്ന് ഏതാനും മിനുറ്റുകള്‍ക്കുള്ളില്‍ തകര്‍ന്നു വീഴുകയായിരുന്നു. മിസൈല്‍ ഉത്തര കൊറിയന്‍ അതിര്‍ത്തി കടന്നില്ലെന്നും യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് വൈറ്റ് ഹൗസ് അധികൃതര്‍ പറഞ്ഞു.

Top