സിയോൾ : ഐക്യരാഷ്ട്ര സഭയുടെ ഉപരോധങ്ങൾക്ക് വെല്ലുവിളി ഉയർത്തി ഉത്തര കൊറിയ ഉപഗ്രഹ വിക്ഷേപണം നടത്താനൊരുങ്ങുന്നു.
ആണവ പരീക്ഷണങ്ങളെ എതിർക്കുന്നവർക്ക് മുന്നറിയിപ്പ് നൽകുന്നതിനായി ആണവ ശക്തിയായ ഉത്തരകൊറിയൻ ഭരണകൂടം ഉപഗ്രഹം വിക്ഷേപണം നടത്താൻ ഒരുങ്ങുന്നുവെന്ന് സിയോൾ പത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഉപഗ്രഹങ്ങൾ ഉൾപ്പെടെ , ബാലിസ്റ്റിക് മിസൈൽ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വിക്ഷേപണങ്ങൾ നടത്തുന്നതിന് ഉത്തരകൊറിയയ്ക്ക് ഐക്യരാഷ്ട്ര സഭ നിലവിൽ ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്.
ഉത്തരകൊറിയ പുതിയ പരീക്ഷണം നടത്തുകയാണെങ്കിൽ അത് ലോകരാജ്യങ്ങൾക്കും , ഐക്യരാഷ്ട്ര സഭയ്ക്കും നൽകുന്ന മുന്നറിയിപ്പാണ്.
ഉത്തര കൊറിയ പുതിയ ഉപഗ്രഹം ക്വങ്ങ്ഗാങ്സോങ് – 5 പൂർത്തിയാക്കിയതായി ഞങ്ങൾക്ക് അറിയാൻ സാധിച്ചുവെന്ന് ദക്ഷിണകൊറിയ ഗവൺമെന്റ് സ്രോതസ്സിനെ ഉദ്ധരിച്ച് ജോമോംഗ് ആങ്ബോ ദിനപ്പത്രം റിപ്പോർട്ട് ചെയ്തു.
ക്യാമറകൾ, ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുത്തിയുള്ള ഉപഗ്രഹമാണ് ഉത്തരകൊറിയ തയാറാക്കിയിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
2016 ഫെബ്രുവരിയിലാണ് അന്താരാഷ്ട്ര സമൂഹത്തെ ഞെട്ടിച്ചുകൊണ്ട് പ്യോങ്യാങ് ക്വങ്ങ്ഗാങ്സോങ് – 4 ഉപഗ്രഹം വിക്ഷേപിച്ചത്.
ഉത്തരകൊറിയ ദീർഘദൂര മിസൈൽ പരീക്ഷണം ഉൾപ്പെടെയുള്ള പ്രകോപനപരമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടോയെന്ന് സിയോൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ദക്ഷിണ കൊറിയൻ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് വക്താവ് പറഞ്ഞു.
ഉത്തരകൊറിയ അടുത്തിടെ തന്നെ പര്യവേക്ഷണ ഉപഗ്രഹവും ഒരു ആശയവിനിമയ ഉപഗ്രഹവും പരീക്ഷിക്കുമെന്ന് നേരത്തെ റഷ്യൻ സൈനിക വിദഗ്ദ്ധൻ വ്യക്തമാക്കിയിരുന്നു.
അമേരിക്ക കൊണ്ടുവന്ന സമാധാന പ്രമേയം പാസാക്കിക്കൊണ്ടാണ് തുടര്‍ച്ചയായി ആണവപരീക്ഷണങ്ങള്‍ നടത്തി ലോകത്തെ ഭീതിയിലാഴ്ത്തുന്ന ഉത്തരകൊറിയ്ക്ക് ഐക്യരാഷ്ട്രസഭ ഉപരോധം ഏർപ്പെടുത്തിയത്.
അടുത്തിടെ കിം ജോങ് ഉൻ നടത്തിയ അനധികൃത ബാലസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങള്‍ക്കെതിരെയാണ് അമേരിക്ക സമാധാന പ്രമേയം കൊണ്ടുവന്നത്.
രാജ്യം ഏറ്റവും വലിയ ആണവ ശക്തിയാണെന്നും, ആർക്കും ഞങ്ങളെ തോൽപിക്കാൻ കഴിയില്ലെന്നും ബാലസ്റ്റിക് മിസൈല്‍ പരീക്ഷണത്തിന് ശേഷം കിം ജോങ് ഉൻ മുന്നറിയിപ്പ് നൽകിയിരുന്നു.