കടലിനടിയില്‍ നിന്ന് ആകാശത്തേക്ക്; വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ

സോള്‍: ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി. കടലിനടിയില്‍ മുങ്ങിക്കപ്പലില്‍ നിന്നാണ് ബാലിസ്റ്റിക് മിസൈല്‍ തൊടുത്തത്.കടലിനടിയില്‍ നിന്ന് തൊടുത്ത മിസൈല്‍ ആകാശത്തേക്ക് കുതിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

മിസൈല്‍ വിജയകരമായി പരീക്ഷിച്ചതിന് പിന്നാലെ പ്രതിരോധ ശാസ്ത്രജ്ഞന്മാര്‍ക്ക് കിം ജോങ് ഉന്‍ അഭിനന്ദനം അറിയിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായി കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. മുന്‍ പരീക്ഷണ വേളയിലെ പോലെ ഇത് നേരിട്ട് വീക്ഷേപിക്കാന്‍ പക്ഷേ കിം എത്തിയില്ലെന്നാണ് റിപ്പോര്‍ട്ട്.

പുഗുസോങ്-3 എന്ന് പേരിട്ട മിസൈല്‍ കടലിനടിയിലുണ്ടായിരുന്ന മുങ്ങിക്കപ്പലില്‍ നിന്ന് മുകളിലേക്ക് തൊടുക്കുകയായിരുന്നു. ഉത്തരകൊറിയയുടെ ഔദ്യോഗിക ദിനപത്രമായ റൊഡോങ് ചിത്രങ്ങള്‍ സഹിതം രണ്ട് പേജാണ് മിസൈലിനെ കുറിച്ച് ഫീച്ചര്‍ നല്‍കിയത്.കറുപ്പും വെളുപ്പും ചേര്‍ന്ന നിറത്തിലുള്ള മിസൈല്‍ വെള്ളത്തിന്റെ ഉപരിതലം കടന്ന് റോക്കറ്റിന്റെ എന്‍ജിന്‍ ആകാശത്തേക്ക് കുതിക്കുന്നതാണ് ചിത്രം.

ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അടക്കം ഉത്തരകൊറിയ രഹസ്യമായി വികസിപ്പിക്കുന്നതായ വാര്‍ത്തകള്‍ക്കിടെയാണ് ഇന്നത്തെ പരീക്ഷണം. വാര്‍ത്ത പുറത്ത് വിട്ടതിന് പിന്നാലെ ദക്ഷിണ കൊറിയയും ജപ്പാന്‍ പ്രധാനമന്ത്രിയും ആശങ്ക രേഖപ്പെടുത്തുകയും മിസൈല്‍ പരീക്ഷണത്തെ അപലപിക്കുകയും ചെയ്തു.

Top