സീയൂള്‍ : വടക്കന്‍ കൊറിയയുടെ അതിര്‍ത്തിയില്‍ സുരക്ഷ സേനയെ കുറയ്ക്കാന്‍ ദക്ഷിണ കൊറിയ ഒരുങ്ങുന്നുവെന്ന് ദക്ഷിണ കൊറിയ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പാര്‍ലമെന്ററി കമ്മിറ്റിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സുരക്ഷാ ഉദ്യോഗസ്ഥരെയും, സുരക്ഷ ഉപകരണങ്ങളും കുറച്ചു കൊണ്ടുവരുന്ന രീതിയില്‍ പദ്ധതി ആവിഷ്‌കരിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ ഉത്തര കൊറിയ തലവന്‍ കിം ജോങ് ഉന്നും, ദക്ഷിണ കൊറിയ പ്രസിഡന്റ് മൂണ്‍ ജെ ഇന്നും തമ്മില്‍ നടന്ന ഉച്ചകോടിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ സമാധാന ഉടമ്പടിയായി മാറ്റാന്‍ തീരുമാനമായിരുന്നു.
ഇരു കൊറിയകള്‍ തമ്മിലുള്ള കഴിഞ്ഞ കാലത്തെ മോശം ബന്ധത്തെ മറക്കാന്‍ ആഗ്രഹിക്കുകയാണെന്ന് കിം ജോങ് ഉന്‍ വ്യക്തമാക്കിയിരുന്നു. മുമ്പും ഇരു കൊറിയകളും തമ്മില്‍ഉടമ്പടികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും നോര്‍ത്ത് കൊറിയ മിസൈല്‍, ആണവായുധ പരീക്ഷണങ്ങള്‍ ആരംഭിക്കുകയും സൗത്ത് കൊറിയ കൂടുതല്‍ യാഥാസ്ഥിതികരായ ഭരണാധികാരികളെ തെരഞ്ഞെടുക്കുകയും ചെയ്തതോടെ അവ പാലിക്കപ്പെടാതെ പോകുകയായിരുന്നു.