സോള്‍: 1950 -53 ഉത്തര-ദക്ഷിണ കൊറിയന്‍ യുദ്ധകാലത്തു വേര്‍പിരിഞ്ഞ കുടുംബങ്ങള്‍ക്ക് 65 വര്‍ഷത്തിനു ശേഷം ഒത്തു ചേര്‍ന്നു. യുദ്ധകാലത്ത് വേര്‍പിരിഞ്ഞ 180ലധികം കുടുംബങ്ങളുടെ ഒത്തുചേരലിനാണ് ഉത്തര കൊറിയയില്‍ അവസരമൊരുങ്ങിയത്. വീഡിയോ കോണ്‍ഫറന്‍സിങ് വഴി ആശയവിനിമയം നടത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇതാദ്യമായാണു കുടുംബങ്ങളുടെ നേരിട്ടുള്ള കൂടിച്ചേരല്‍ നടന്നത്.
അണ്വായുധങ്ങള്‍ ഉപേക്ഷിക്കാനും കൊറിയന്‍ മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാനും കഴിഞ്ഞ ഏപ്രിലില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരുകൊറിയന്‍ നേതാക്കളും തമ്മില്‍ ധാരണയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് യുദ്ധത്തില്‍ വേര്‍പിരിഞ്ഞ കുടുംബങ്ങളുടെ ഒത്തുചേരലും സാധ്യമായത്. കൂടിക്കാഴ്ചയ്ക്കുള്ള സമയം അടുത്തുവന്നതോടെ അവസാന മണിക്കൂറുകളിലടക്കം ദക്ഷിണ കൊറിയയിലെ കുടുംബങ്ങളിലെ ഏതാണ്ട് 57000 പേരാണ് ഒത്തുചേരുന്നതിനുള്ള രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയത്.
കൊറിയന്‍ യുദ്ധത്തിലൂടെ വിഭജിക്കപ്പെട്ട കുടുംബങ്ങളെ ഒന്നിപ്പിക്കുന്നതിലൂടെ ഇരു കൊറിയകളും ചേര്‍ന്ന് ചരിത്രം തിരുത്തി കുറിച്ചിരിക്കുകയാണ്. ആയിരക്കണക്കിന് കുടുംബങ്ങളാണ് യുദ്ധത്തിലൂടെ വേര്‍പിരിക്കപ്പെട്ട് ഇരു രാജ്യങ്ങളിലുമായി കഴിയുന്നത്.
ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നും തമ്മില്‍ നടന്ന ഉച്ചകോടിക്ക് തുടര്‍ച്ചയായി നടന്ന ഉന്നതതല ചര്‍ച്ചയിലാണ് ജനങ്ങള്‍ക്ക് സന്തോഷം നല്‍കുന്ന തീരുമാനം കൈകൊണ്ടത്. കടുത്ത ശത്രുക്കളായിരുന്ന ഇരു കൊറിയകളും തമ്മില്‍ പരസ്പരം സഹകരിച്ച് നീങ്ങുമെന്ന് ഉച്ചകോടിയില്‍ ഇരു രാഷ്ട്ര നേതാക്കളും പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍, മെയ് മാസത്തിലായിരുന്നു ഇന്റര്‍ കൊറിയന്‍ ഉച്ചകോടി നടന്നത്.