യുഎസ് പ്രതിരോധവും വിറയ്ക്കും ! ഹൈപ്പര്‍ സോണിക് മിസൈലുമായി ഉത്തര കൊറിയ

സിയോള്‍: ഉത്തര കൊറിയയുടെ ഹൈപ്പര്‍ സോണിക് മിസൈല്‍ പരീക്ഷണം വിജയകരം. ചൊവ്വാഴ്ചയാണ് വാങ്‌സോങ്8 എന്ന മിസൈല്‍ ഉത്തര കൊറിയ പരീക്ഷിച്ചത്.

സൈനിക വികസന പദ്ധതിയുടെ ഭാഗമായി അഞ്ച് വര്‍ഷം കൊണ്ടാണ് മിസൈല്‍ വികസിപ്പിച്ചതെന്ന് ഉത്തര കൊറിയന്‍ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ആണവായുധശേഷിയുള്ള മിസൈല്‍ തന്ത്രപ്രധാനമായതാണെന്നും, രാജ്യത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനാണ് മിസൈലുകള്‍ വികസിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉത്തര കൊറിയ ഈ മാസം നടത്തുന്ന മൂന്നാമത്തെ മിസൈല്‍ പരീക്ഷണമാണിത്. ട്രെയിനില്‍നിന്ന് വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈലും ക്രൂയിസ് മിസൈലുമാണ് പരീക്ഷിച്ചത്.

ഹൈപ്പര്‍ സോണിക് മിസൈലുകള്‍ നിര്‍മിക്കുന്നതിനാവശ്യമായ പഠനങ്ങള്‍ പൂര്‍ത്തിയാക്കിയെന്ന് ജനുവരിയില്‍ ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ പറഞ്ഞിരുന്നു. രാജ്യത്തിന്റെ സുരക്ഷയും സമാധാനവും മുന്‍നിര്‍ത്തിയാണ് പരീക്ഷണങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം അറിയിച്ചു. മിസൈലിന്റെ ആദ്യ പരീക്ഷണമാണ് ചൊവ്വാഴ്ച നടത്തിയത്.

മിസൈല്‍ പ്രതിരോധനങ്ങളെ മറികടക്കുന്നതിനും അതിവേഗം സഞ്ചരിക്കുന്നതിനും ഹൈപ്പര്‍ സോണിക് മിസൈലുകള്‍ക്ക് സാധിക്കും. വളരെ കൃത്യതോടെ നിയന്ത്രിക്കാനും ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനും സാധിക്കും. മുന്‍ മിസൈല്‍ സംവിധാനങ്ങളില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് പുതിയ മിസൈല്‍.

എന്നാല്‍, ദക്ഷിണ കൊറിയയ്ക്കും യുഎസിനും ഉത്തര കൊറിയന്‍ മിെസെലുകള്‍ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന് ദക്ഷിണ കൊറിയന്‍ സൈനിക മേധാവി അവകാശപ്പെട്ടു.

Top