അമേരിക്ക – ദക്ഷിണകൊറിയ സൈനിക പരിശീലനം ; ഭീഷണിയുമായി കിം ജോങ് ഉൻ

Pentagon

പ്യോങ്യാംഗ് : ദക്ഷിണകൊറിയയുമായി വരും മാസങ്ങളിൽ അമേരിക്ക സംയുക്ത സൈനിക പരിശീലനങ്ങൾ നടത്തുകയാണെങ്കിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ട്രംപ് ഭരണകൂടത്തിന് ഉത്തരകൊറിയയുടെ ഭീഷണി.

അമേരിക്കയും ദക്ഷിണ കൊറിയയും തമ്മിലുള്ള സൈനിക പരിശീലനങ്ങൾ കൊറിയൻ രാജ്യങ്ങളുടെ അനുരഞ്ജനത്തിന് തടസമാണെന്നും , അത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടായാൽ ഭരണകുടം അമേരിക്കയെ നേരിടാൻ നിർബന്ധിതമാകുമെന്നും ഉത്തര കൊറിയൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

അമേരിക്കയും ദക്ഷിണ കൊറിയയും തമ്മിലുള്ള സൈനിക പരിശീലനം ഏപ്രിലിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. കിം ജോങ് ഉൻ ഭരണകൂടത്തിനോട് എതിർപ്പ് പ്രകടിപ്പിച്ച് നേരത്തെ ഇരു രാജ്യങ്ങളും സൈനിക പരിശീലനം നടത്തിയിരുന്നു.

ഫെബ്രുവരി 23 ന് ഉത്തരകൊറിയയ്ക്ക് മേൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശക്തമായ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ആണവ പരീക്ഷണങ്ങളുടെ പേരിൽ അന്തരാഷ്ട്ര തലത്തിൽ ഐക്യരാഷ്ട്രസഭ ഏർപ്പെടുത്തിയ ഉപരോധങ്ങൾക്ക് മേലായിരുന്നു ട്രംപിന്റെ പുതിയ നടപടി.

അമേരിക്ക ഏറ്റവും പുതിയ ഉപരോധം ഏർപ്പെടുത്തിയത് മുതൽ സംഘർഷങ്ങൾ തുടരുകയാണ്. കിം ജോങ് ഉൻ ഭരണകൂടം ട്രംപിന്റെ നടപടിയെ അംഗീകരിക്കില്ലെന്ന് അറിയിച്ചിരുന്നു.

ലോക ശക്തിയായി ഉത്തരകൊറിയ വളരുന്നതിൽ പേടിച്ചാണ് ഈ നടപടിയെന്നും, രാജ്യത്തെ അനുകൂലിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നത് ഇതിനാലാണെന്നും ഉത്തര കൊറിയ വ്യക്തമാക്കി.

ഇരു കൊറിയൻ രാജ്യങ്ങളും തമ്മിൽ സമാധാന ചർച്ചകൾ നടത്തുന്ന സാഹചര്യത്തിൽ അമേരിക്ക – ദക്ഷിണകൊറിയ സൈനിക പരിശീലനം നടത്തുകയാണെങ്കിൽ അത് സാഹചര്യം കൂടുതൽ സങ്കീർണ്ണമാക്കും.

Top