ബെയ്ജിങ്: ഏതു നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന ഭീതി പരത്തി ഉത്തരകൊറിയയിലുള്ള പൗരന്മാരോട് ചൈനയിലേക്കു മടങ്ങാന്‍ ചൈനീസ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.
ഉത്തരകൊറിയയില്‍ നിന്നു എത്രയും പെട്ടെന്നു മടങ്ങിയെത്താനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സംഘര്‍ഷമൊഴിവാക്കാന്‍ തുടക്കം മുതല്‍ ശ്രമിച്ചുവന്ന ചൈന, അപ്രതീക്ഷിതമായി പൗരന്‍മാരെ തിരിച്ചുവിളിച്ചത് ലോകരാജ്യങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
യുദ്ധം ഒഴിവാക്കാനാവില്ലെന്ന തിരിച്ചറിവാണ് ചൈനീസ് സര്‍ക്കാരിനെ ഇത്തരമൊരു നടപടിക്കു പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തുന്നത്.
ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ലോകത്തെ മൂന്നാം ലോകമഹായുദ്ധത്തിലേക്കു തള്ളിവിടുമെന്നാണ് അവരുമായി സൗഹൃദം പുലര്‍ത്തുന്ന ഏകരാജ്യമായ ചൈനയുടെ ആശങ്ക. അതിനാല്‍ ഉത്തരകൊറിയയില്‍ താമസിക്കുന്നവരും തൊഴില്‍ എടുക്കുന്നവരുമായ എല്ലാ ചൈനീസ് പൗരന്മാരും എത്രയും പെട്ടെന്നു മടങ്ങാനാണ് നിര്‍ദേശം.
ഉത്തരകൊറിയയുടെ തലസ്ഥാനമായ പ്യോങ്യാങിലെ ചൈനീസ് എംബസിയാണ് മുന്നറിയിപ്പു സന്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
കൊറിയന്‍ പീപ്പിള്‍സ് ആര്‍മിയുടെ 85ാം വാര്‍ഷിക പ്രകടനം നടന്നതോടനുബന്ധിച്ച് ഏപ്രില്‍ 25നാണ് ചൈന മുന്നറിയിപ്പ് പുറപ്പെടുവിച്ചതെന്നാണ് വിവരം. കിം ജോങ് ഉന്‍ ആറാം ആണവപരീക്ഷണം നടത്തിയേക്കുമെന്ന ആശങ്ക ശക്തമാകുന്നതിനിടെയാണ് ചൈനയുടെ നടപടിയെന്നതും ശ്രദ്ധേയമാണ്.
അതേസമയം, ആണവപരീക്ഷണ പദ്ധതികളുമായി മുന്നോട്ടു പോകുമെന്ന് ഉത്തരകൊറിയ ആവര്‍ത്തിക്കുമ്പോള്‍ ചര്‍ച്ചയുടെ സാധ്യത തെളിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചതു പ്രത്യാശയോടെയാണ് ലോകം വീക്ഷിക്കുന്നത്. സാഹചര്യങ്ങള്‍ അനുകൂലമായാല്‍ ചര്‍ച്ചയെന്നാണ് ഒരു അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കിയത്.