സോള്‍ : ഇനിയും ഉപരോധത്തിനു ശ്രമിച്ചാല്‍ അമേരിക്കയ്ക്ക് ‘വലിയ വേദനയും ദുരിതവും’ ഉണ്ടാവുമെന്ന് ഉത്തര കൊറിയ.
ഉപരോധത്തിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് യുഎന്‍ യോഗത്തില്‍ അമേരിക്ക ആഹ്വാനം ചെയ്തതിന്റെ പ്രതികരണമായാണ് ഉത്തര കൊറിയയുടെ മുന്നറിയിപ്പ്.
ഉത്തര കൊറിയയുടെ വാര്‍ത്ത ഏജന്‍സി കെസിഎന്‍എ പ്രസിദ്ധീകരിച്ച, വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിലാണ് അമേരിക്കയ്ക്കുള്ള മുന്നറിയിപ്പുള്ളത്.
രാജ്യത്തിനുമേല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നിയമവിരുദ്ധമായ പ്രമേയം യുഎന്നില്‍ പാസാക്കിയാല്‍ അതിനുള്ള വില അമേരിക്ക നല്‍കേണ്ടി വരുമെന്ന് പ്രസ്താവനയില്‍ പറയുന്നു. വാചകമടി തുടര്‍ന്നാല്‍ അമേരിക്ക കനത്ത വില നല്‍കേണ്ടി വരുമെന്നു കഴിഞ്ഞദിവസവും ഉത്തരകൊറിയ നിലപാടെടുത്തിരുന്നു.
ഉത്തര കൊറിയയുടെ ആറാം ആണവപരീക്ഷണത്തിനു പിന്നാലെ യുഎന്നില്‍ സമ്മര്‍ദ്ദം ചെലുത്തി ഉത്തര കൊറിയയ്ക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്ക ശ്രമിക്കുന്നുണ്ട്. യുഎന്‍ രക്ഷാസമിതി ഉത്തര കൊറിയയുടെ പ്രവൃത്തികള്‍ വിലയിരുത്തി കര്‍ശന നടപടി എടുക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം.
ഉത്തര കൊറിയയിലേക്കുള്ള എണ്ണ കയറ്റുമതി നിരോധിക്കുക, ഏകാധിപതി കിം ജോങ് ഉന്നിന്റെ സ്വത്ത് മരവിപ്പിക്കുക, ഇവിടെ നിന്നുള്ള വസ്ത്ര കയറ്റുമതി അവസാനിപ്പിക്കുക, കൊറിയന്‍ തൊഴിലാളികളെ മടക്കി അയയ്ക്കുക തുടങ്ങിയവയാണ് അമേരിക്കയുടെ ആവശ്യങ്ങള്‍.