ഒരുപാട് വിമര്‍ശിക്കേണ്ട, വലിയ വില കൊടുക്കേണ്ടി വരും; അമേരിക്കയോട് നോര്‍ത്ത് കൊറിയ

നോര്‍ത്ത് കൊറിയയെ മനുഷ്യാവകാശങ്ങളുടെ പേരില്‍ വിമര്‍ശിക്കാന്‍ ഒരുങ്ങിയാല്‍ വാഷിംഗ്ടണ്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി നോര്‍ത്ത് കൊറിയ. ആണവ വിലപേശലുകള്‍ക്ക് ഇടയില്‍ ഇത്തരം വിമര്‍ശനങ്ങള്‍ വരുന്നത് സംഘര്‍ഷം രൂക്ഷമാക്കുകയും, ഇതിന് വാഷിംഗ്ടണ്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും പ്യോംഗ്‌യാഗ് ഓര്‍മ്മിപ്പിച്ചു.

നോര്‍ത്ത് കൊറിയയില്‍ നടക്കുന്ന രാഷ്ട്രീയ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ നിന്നും സമ്മര്‍ദം ശക്തമാണ്. ജനങ്ങള്‍ക്ക് പുരോഗമനം നല്‍കാന്‍ ശ്രമിക്കാതെ സൈനിക ശേഷിയും, ആണവായുധ പദ്ധതികളുമായി മുന്നോട്ട് പോകുന്നതാണ് ആ രാജ്യത്തിന്റെ ദശകങ്ങളായുള്ള രീതി.

തങ്ങളുടെ മനുഷ്യാവകാശ ചരിത്രത്തെ വിമര്‍ശിക്കുന്നത് എരിതീയില്‍ എണ്ണയൊഴിക്കുന്നതിന് തുല്യമാണെന്ന് നോര്‍ത്ത് കൊറിയ വിദേശകാര്യ മന്ത്രാലയ വക്താവ് അഭിപ്രായപ്പെട്ടു. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഇതുസംബന്ധിച്ച് ആശങ്ക രേഖപ്പെടുത്തിയതിന് മറുപടി നല്‍കുകയായിരുന്നു നോര്‍ത്ത് കൊറിയ.

ഇത്തരം അഭിപ്രായങ്ങള്‍ക്ക് യുഎസ് കനത്ത വില നല്‍കേണ്ടി വരുമെന്ന് വക്താവ് കൂട്ടിച്ചേര്‍ത്തു. ഈ ആഴ്ച ചേര്‍ന്ന യുഎന്‍ ജനറല്‍ അസംബ്ലിയും ദീര്‍ഘകാലമായി തുടരുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെ വിമര്‍ശിച്ചിരുന്നു. തങ്ങള്‍ക്കെതിരെയുള്ള ഉപരോധത്തില്‍ ഇളവ് അനുവദിച്ചില്ലെങ്കില്‍ യുഎസിന് ക്രിസ്മസ് സമ്മാനം കൊടുക്കുമെന്ന് നോര്‍ത്ത് കൊറിയ നേരത്തെ ഭീഷണി മുഴക്കിയിരുന്നു.

Top