സോള്‍ : സാമ്പത്തിക ഉപരോധം അവസാനിപ്പിച്ചില്ലെങ്കില്‍ ആണവ മിസൈലുകളുടെ നിര്‍മാണം പുനഃരാരംഭിക്കുമെന്ന് ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍. അമേരിക്കന്‍ പ്രസിഡന്റിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ മറുപടി ഉണ്ടായില്ലെങ്കില്‍ പഴയ ആണവ നയത്തിലേക്കു തിരികെപ്പോകുമെന്നത് ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊറിയന്‍ മേഖലയില്‍ സമാധാനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആണവായുധ നിര്‍മ്മാണത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് കിം നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനം മാറ്റി വീണ്ടും പഴയ നയത്തിലേക്കുള്ള തിരിച്ചുപോക്കാണെന്നാണ് ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രാലയത്തിന്റേതായി കെസിഎന്‍എ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ട്.
ജൂണില്‍ സിംഗപ്പുരില്‍ നടന്ന ഉച്ചകോടിയില്‍ കിമ്മും യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും നടത്തിയ കൂടിക്കാഴ്ചയില്‍ ആണവനിരായുധീകരണം സംബന്ധിച്ച് കിം ഉറപ്പുനല്‍കിയിരുന്നു. തുടര്‍ന്ന് പ്രധാന മിസൈല്‍ കേന്ദ്രമുള്‍പ്പെടെ ഉത്തരകൊറിയ അടച്ചുപൂട്ടി. എന്നാല്‍ പൂര്‍ണമായ ആണവനിരായുധീകരണത്തിനു ശേഷം മാത്രമേ സാമ്പത്തിക ഉപരോധം മാറ്റൂ എന്നാണ് ട്രംപിന്റെ നിലപാട്.
സിംഗപ്പൂരില്‍ വച്ചുണ്ടായ കരാര്‍ പ്രകാരമുള്ള എല്ലാ വ്യവസ്ഥകളും പാലിച്ചാല്‍ മാത്രമേ ഉപരോധം പിന്‍വലിക്കുന്നതിനെക്കുറിച്ച് ആലോചിക്കൂവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ വ്യക്തമാക്കിയിരുന്നു.