സോള്‍: ദക്ഷിണ കൊറിയയുടെ തന്ത്രപ്രധാന യുദ്ധവിവരങ്ങള്‍ അടങ്ങിയ രേഖകള്‍ ഉത്തര കൊറിയന്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി.
അന്താരാഷ്ട്ര മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിനെ വധിക്കാനുള്ള പദ്ധതികള്‍ അടക്കമാണ് ചോര്‍ത്തിയത്.
കഴിഞ്ഞ സെപ്തംബറിലാണ് ഉത്തര കൊറിയന്‍ ഹാക്കര്‍മാര്‍ സൈനിക നെറ്റ്വര്‍ക്ക് ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് ദക്ഷിണ കൊറിയയിലെ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് റീ ചോല്‍ ഹീ പറഞ്ഞു.
യുദ്ധസാഹര്യത്തില്‍ ചെയ്യേണ്ട കാര്യങ്ങളുള്‍പ്പെട്ട പ്ലാന്‍ 5015 അടങ്ങിയ 235 ജിഗാബൈറ്റ് രഹസ്യങ്ങളാണ് ചോര്‍ത്തിയത്. രാജ്യത്തെ പ്രധാന പവര്‍ പ്ലാന്റുകളുടെയും സൈനിക വിന്യാസത്തിന്റെയും രേഖകളും ഇതിലുള്‍പ്പെടും.
അതേസമയം രേഖകള്‍ ചോര്‍ന്നെന്ന വാര്‍ത്തകളോട് ദക്ഷിണ കൊറിയ ഇതുവരെ പ്രതികരിച്ചിട്ടില്ല.
എതിര്‍ ചേരിയിലെ സുപ്രധാന വെബ് സൈറ്റുകളില്‍ കടന്നുകയറാനുള്ള ദക്ഷിണ കൊറിയന്‍ ഹാക്കര്‍മാരുടെ ശ്രമങ്ങള്‍ അടുത്തിടെയായി വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ചില വിദേശ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹാക്കിംഗിനായി പ്രത്യേകം പരിശീലനം സിദ്ധിച്ച നിരവധി ആളുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉത്തര കൊറിയയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്നാണ് സൂചന. ഈ സംഘം നടത്തിയ ഓപ്പറേഷനിലാണ് കിമ്മിനെ വധിക്കാനുള്ള സ്പാര്‍ട്ടന്‍ 300 എന്ന പദ്ധതി ചോര്‍ത്തിയത്.
ഉത്തരവിട്ടാല്‍ 24 മണിക്കൂറിനുള്ളില്‍ നേതാക്കളെ വധിച്ചു തിരിച്ചെത്തുന്ന പ്രത്യേക സേനാ വിഭാഗത്തിന്റെ പദ്ധതിയും ചോര്‍ന്ന രേഖകളില്‍പ്പെടുന്നു. ഈ രേഖകള്‍ കിട്ടിയതിനെ തുടര്‍ന്നാണ് ആണവായുധ, ഹൈഡ്രജന്‍ ബോംബ് പരീക്ഷണം കിം സംഘടിപ്പിച്ചതെന്നാണ് വിവരം.
ഉത്തര കൊറിയ അടുത്തിടെയാണ് ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ച് ലോകസമൂഹത്തെയാകെ ആശങ്കയുടെ മുള്‍മുനയിലാക്കിയത്.
എന്നാല്‍ യു.എസിനോ സഖ്യകക്ഷികള്‍ക്കോ ഭീഷണിയുയര്‍ത്തി ഉത്തര കൊറിയ രംഗത്ത് വന്നാല്‍ വലിയ തോതിലുള്ള സൈനിക പ്രതികരണമുണ്ടാകുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വാക് പേര് തുടരുന്നതിനിടെയാണ് ഹാക്കിംഗ് വിവരം മാധ്യമങ്ങള്‍ പുറത്തു വിട്ടത്.