സോള്‍ : റിയോ ഒളിമ്പിക്‌സില്‍ മെഡല്‍ നേടാത്ത ഉത്തരകൊറിയന്‍ താരങ്ങള്‍ക്ക് കടുത്ത ശിക്ഷയൊരുക്കി പ്രസിഡന്റ് കിം ജോങ് ഉന്‍.
മല്‍സരത്തില്‍ മെഡല്‍ നേടാത്ത താരങ്ങളെ കല്‍ക്കരി ഖനികളില്‍ ജോലി ചെയ്യിപ്പിക്കാനാണ് രാജ്യത്തിന്റെ തീരുമാനം.
മികവു കാട്ടാത്തവരുടെ റേഷന്‍ വെട്ടിച്ചുരുക്കുക, നിലവാരമില്ലാത്ത വീടുകളിലേക്ക് താമസം മാറ്റാന്‍ നിര്‍ബന്ധിതരാക്കുക, ഖനികളിലേക്ക് പണിക്കയക്കുക തുടങ്ങിയ ശിക്ഷകള്‍ രാജ്യം ആലോചിച്ച് തുടങ്ങിയിട്ടുണ്ട്. മെഡല്‍ നേടിയവര്‍ക്ക് മികച്ച ജീവിത നിലവാരം ഉറപ്പു വരുത്താനും, നല്ല വീടും, കൃത്യമായ റേഷനും, കാറും സമ്മാനമായി നല്‍കും.
റിയോയില്‍ രണ്ട് സ്വര്‍ണവും മൂന്നു വെള്ളിയും രണ്ടു വെങ്കലവും അടക്കം ഏഴു മെഡലുകളാണ് ഉത്തര കൊറിയന്‍ താരങ്ങള്‍ സ്വന്തമാക്കിയത്. എന്നാല്‍ താരങ്ങള്‍ അഞ്ചു സ്വര്‍ണമെങ്കിലും നേടണമെന്നായിരുന്നു പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ കല്‍പ്പന.
2010 ഫുട്‌ബോള്‍ ലോകകപ്പില്‍ ഉത്തര കൊറിയന്‍ ടീം പോര്‍ച്ചുഗലിനോട് തോറ്റതിന് പിന്നാലെ ചില താരങ്ങളെ ഖനികളില്‍ പണിയെടുക്കാന്‍ അയച്ചിരുന്നു. താരങ്ങള്‍ ഖനികളിലേക്ക് പോയാല്‍ പിന്നെ വര്‍ഷങ്ങളോളം അവിടെ കഴിയേണ്ടി വരും. ഈ ശിക്ഷ തന്നെ തങ്ങള്‍ക്കും ഉണ്ടാകുമെന്ന ഭീതിയിലാണ് രാജ്യത്തെ ഒളിംപിക്‌സ് താരങ്ങള്‍.
ശിക്ഷ ഭയന്ന് നാട്ടിലേക്ക് പോവാതിരിക്കുന്നതിനെ കുറിച്ചും പല താരങ്ങളും ചിന്തിക്കുന്നുണ്ട്. അങ്ങിനെ വന്നാല്‍ ബന്ധുക്കള്‍ ശിക്ഷയേറ്റു വാങ്ങേണ്ടി വരുമെന്നതിനാല്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങുകയല്ലാതെ മറ്റൊരു വഴിയും ഇവരുടെ മുന്നില്‍ ഇല്ല.
സ്വന്തം അമ്മാവനെ വേട്ടപ്പട്ടികള്‍ക്ക് മുന്നില്‍ എറിഞ്ഞ് കൊടുത്ത് കൊലപ്പെടുത്തിയ സംഭവം കൊറിയന്‍ മേധാവിയുടെ ക്രൂരത വെളിവാക്കുന്നതായിരുന്നു.
റിയോ ഒളിമ്പിക്‌സില്‍ നിന്ന ഇന്ത്യക്ക് ആകെ രണ്ട് മെഡലുകള്‍ മാത്രമാണ് നേടാനായത്. ഗുസ്തിയില്‍ സാക്ഷി മാലിക്ക് നേടിയ വെങ്കലവും ബാഡ്മിന്റണില്‍ പി.വി.സിന്ധു നേടിയ വെള്ളി മെഡലുമാണ് ഇന്ത്യയുടെ ഇത്തവണത്തെ ഒളിമ്പിക്‌സ് മെഡല്‍ സമ്പാദ്യം.