ജനീവ: രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ഇത് ലംഘിച്ച് നിരന്തരം മിസൈല്‍ പരീക്ഷണം നടത്തുന്ന ഉത്തരകൊറിയക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിനു നീക്കം.
ഇതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ ഐക്യരാഷ്ട്രസഭാ സുരക്ഷാസമിതി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. നിരന്തരം പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്ന ഉത്തരകൊറിയന്‍ നടപടി ഇനി കണ്ടില്ലെന്നു നടിക്കാനാവില്ലെന്ന് ടില്ലേഴ്‌സണ്‍ സുരക്ഷാ കൗണ്‍സിലിനെ അറിയിച്ചു.
അതിനാല്‍ ഉത്തരകൊറിയന്‍ നീക്കങ്ങള്‍ പ്രതിരോധിക്കുന്നതിനും ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും അത്തരം ശക്തമായ നടപടികള്‍ക്ക് യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ പൂര്‍ണ പിന്തുണ ഉണ്ടാവണമെന്നും ടില്ലേഴ്‌സണ്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. അമേരിക്കന്‍ വിദേശകാര്യ വക്താവ് മാര്‍ക്ക് ടോണറാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.