കാലാവസ്ഥാ വ്യതിയാനവും ഭക്ഷ്യക്ഷാമവും; നോര്‍വെയില്‍ റെയിന്‍ ഡിയറുകള്‍ ചത്തൊടുങ്ങി

ഓസ്ലോ: നോര്‍വേയില്‍ അപൂര്‍വ ജീവി വര്‍ഗമായ റെയിന്‍ ഡിയറുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയതായി റിപ്പോര്‍ട്ട്. കാലാവസ്ഥാ വ്യതിയാനവും അതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യക്ഷാമവും ഇറുന്നൂറിലധികം റെയിന്‍ ഡിയറുകള്‍ ചത്തൊടുങ്ങാന്‍ കാരണമായെന്നാണ് ഗവേഷകര്‍ പറയുന്നത്.

ഉത്തരധ്രുവത്തിലെ കലമാന്‍ വിഭാഗത്തില്‍പ്പെട്ട അപൂര്‍വ ജീവി വര്‍ഗമാണ് റെയിന്‍ ഡിയറുകള്‍. ഇത്രയും റെയിന്‍ ഡിയറുകളെ ചത്തനിലയില്‍ കണ്ടെത്തിയത് ഭീതിയുണ്ടാക്കിയെന്നും കാലാവസ്ഥയിലെ മാറ്റങ്ങള്‍ എങ്ങനെ പ്രകൃതിയെ ബാധിക്കുന്നു എന്നതിന്റെ ഞെട്ടിക്കുന്ന ഉദാഹാരണമാണ് ഈ സംഭവമെന്നും നോര്‍വീയന്‍ പോളാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷക ആഷ്ലിദ് ഓന്‍വിക് പെഡേഴ്‌സണ്‍ അഭിപ്രായപ്പെട്ടു.

കാലം തെറ്റി ഡിസംബറില്‍ പെയ്ത മഴയെ തുടര്‍ന്ന് റെയിന്‍ ഡിയറുകള്‍ക്ക് ഭക്ഷണം കണ്ടെത്തല്‍ പ്രയാസമായി. ഇതാണ് കൂട്ടമരണത്തിന് ഇടയാക്കിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Top