തിക്താനുഭവങ്ങളുണ്ട്, പാർട്ടിയിൽ എല്ലാം ഭദ്രമെന്ന് പറയുന്നില്ല: മുരളീധരൻ

തിരുവനന്തപുരം: കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ തീരുമാനം തെറ്റെന്ന് കെ മുരളീധരൻ എംപി. അനിൽ ആന്റണിയുടെ പോക്ക് കോൺഗ്രസ് പാർട്ടിയെ ഒരു തരത്തിലും ബാധിക്കില്ല. പക്ഷേ അനിൽ, തന്റെ തീരുമാനത്തിലൂടെ എ കെ ആന്റണിയെ വേദനിപ്പിക്കാൻ പാടില്ലായിരുന്നുവെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു. കോൺഗ്രസ് പാർട്ടിയിൽ എല്ലാം ഭദ്രമെന്ന് പറയാകില്ല. പാർട്ടിയിൽ നിന്നും പലർക്കും തിക്താനുഭവങ്ങളുണ്ടാകുന്നുണ്ട്. പക്ഷേ ബിജെപിയിൽ ചേരാനുള്ള അനിൽ ആന്റണിയുടെ തീരുമാനം തെറ്റാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

താനെന്തായാലും കോൺഗ്രസ് വിടില്ലെന്നും എന്നും പാർട്ടിയിലുണ്ടാകുമെന്നും ഉയരുന്ന അഭ്യൂഹങ്ങളോട് മുരളീധരൻ പ്രതികരിച്ചു. അനിലിന്റെ വിമർശനങ്ങളിൽ കഴമ്പുണ്ടോ എന്ന ചോദ്യത്തിന് ‘പാർട്ടിക്ക് പുറത്തുപോയ ആളെ പോലെ പാർട്ടിക്ക് അകത്തുള്ളവർക്ക് പ്രതികരിക്കാനാകില്ലെന്നായിരുന്നു വടകര എംപിയുടെ മറുപടി.

കോൺഗ്രസിന് പ്രഹരം നൽകിയാണ് അനിൽ ആൻറണി ബിജെപിയിൽ ചേർന്നത്. കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ അനിലിന് അംഗത്വം നൽകി. ധർമ്മത്തെ രക്ഷിച്ചാൽ ധർമ്മം നമ്മെ രക്ഷിക്കുമെന്ന സംസ്കൃത ശ്ലോകം ചൊല്ലിയായിരുന്നു അനിലിൻറെ ബിജെപി പ്രവേശം. കോൺഗ്രസ് കുടുംബ പാർട്ടിയാണെന്ന് ബിജെപി അംഗത്വം സ്വീകരിച്ച അനിൽ ആൻറണി പരിഹസിച്ചു.

മകന്റെ ബിജെപി പ്രവേശനത്തോട് വളരെ വികാരാധീതനായാണ് ആന്റണി പ്രതികരിച്ചത്. ബിജെപിയിൽ ചേർന്ന അനിലിന്റെ തീരുമാനം വേദനയുണ്ടാക്കിയെന്നും തികച്ചും തെറ്റായ തീരുമാനമായിപ്പോയെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന മൂല്യം സംരക്ഷിക്കാൻ വിട്ടു വീഴ്ചയില്ലാതെ പോരാടിയത് ഗാന്ധി കുടുംബമാണ്. മരണം വരെയും എന്റെ കൂറ് ആ കുടുംബത്തോടായിരിക്കും. അവസാന ശ്വാസം വരെയും താൻ കോൺഗ്രസുകാരനായിരിക്കുമെന്നും എത്രനാൾ ജീവിച്ചിരുന്നാലും താൻ ബിജെപിക്കും ആർഎസ് എസിനുമെതിരെ ശബ്ദമുയർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Top