കലാഭവന്‍ മണിയുടെ ഒരു സിനിമ പോലും കേരളീയത്തില്‍ ഉള്‍പ്പെടുത്തിയില്ല; വിമര്‍ശിച്ച് സംവിധായകന്‍ വിനയന്‍

സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സംവിധായകന്‍ വിനയന്‍. തലസ്ഥാനത്ത് നടക്കുന്ന കേരളീയത്തില്‍ കലാഭവന്‍ മണിയുടെ ഒരു സിനിമ പോലും ഉള്‍പ്പെടുത്തിയില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. കമ്മ്യൂണിസ്റ്റുകാരനായ കലാഭവന്‍ മണിയെ സര്‍ക്കാര്‍ അവഗണിച്ചു. മുന്‍ മന്ത്രി ജി സുധാകരനെ വേദിയിലിരുത്തിയായിരുന്നു വിനയന്റെ വിമര്‍ശനം.

ഒരു നേരത്തെ ആഹാരമില്ലാതെ ദാരിദ്ര്യത്തിലൂടെ കടന്നുവന്ന നടനാണ് മണി. തെങ്ങുകയറ്റക്കാരനായി കഷ്ടപ്പെട്ടു വന്ന മണിയുടെ ഒരു സിനിമ പോലും കേരളീയത്തില്‍ ഉള്‍പ്പെടുത്തിയില്ല. 22 സിനിമകളാണ് കേരളീയത്തില്‍ പ്രദര്‍ശിപ്പിച്ചത്. അതില്‍ ഒന്നുപോലും മണിയുടേതില്ലെന്നും വിനയന്‍ ആരോപിച്ചു.

മണിയുടെ ഏറ്റവും നല്ല രണ്ട് പടങ്ങള്‍ സംവിധാനം ചെയ്തത് താനാണ്. കരുമാടിക്കുട്ടന്‍, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്നിവയാണ് മണിയുടെ കരിയറിലെ മികച്ച സിനിമകള്‍. ഇത്ര നീതിബോധമില്ലാത്ത അവസ്ഥയുണ്ടാകരുതെന്നും അതിനെതിരെ കലാകാരന്‍മാര്‍ പ്രതികരിക്കണമെന്നും വിനയന്‍ അഭിപ്രായപ്പെട്ടു.

Top