കേന്ദ്രത്തിനും മുഖ്യമന്ത്രിക്കുമിടയില്‍ പാലമായി പ്രവര്‍ത്തിച്ചിട്ടില്ല; ബെഹ്‌റ

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമിടയില്‍ പാലമായി പ്രവര്‍ത്തിച്ചിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പ്രതിപക്ഷ ആരോപണം ഗൗനിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ അഞ്ചു വര്‍ഷം മുഖ്യമന്ത്രിയുടെ കൂടെ ജോലി ചെയ്തതാണ്. അദ്ദേഹം വളരെ പ്രൊഫഷണലാണ്. പ്രൊഫഷണല്‍ കാര്യങ്ങള്‍ മാത്രമേ സംസാരിക്കാറുളളൂ. ഈ നാടിന്റെ ക്രമസമാധാന നില എങ്ങനെ നന്നാക്കണമെന്ന് മാത്രമാണ് അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നത്.’ ബെഹ്‌റ പറഞ്ഞു.

കേരളത്തില്‍ കളളക്കടത്ത് തടയുന്നതിനായി നിയമം വേണമെന്നും അതിനായി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കളളക്കടത്ത് കേന്ദ്ര ഏജന്‍സികളാണ് അന്വേഷിക്കുന്നതെങ്കിലും അനുബന്ധ കുറ്റകൃത്യങ്ങള്‍ സംസ്ഥാന തലത്തില്‍ തടയാന്‍ കഴിയുമെന്നും ബെഹ്‌റ ചൂണ്ടിക്കാട്ടി.

സി.ബി.ഐ. മേധാവി ആകാന്‍ സാധിക്കാത്തതില്‍ വിഷമം തോന്നി. പട്ടികയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് തനിക്കാണെന്നറിയാം, അതിനാല്‍ വ്യക്തിപരമായി വിഷമം തോന്നി.- ബെഹ്‌റ പറഞ്ഞു.

 

Top