റിപ്പബ്ലിക് ടിവിയുടെ എല്ലാ തീരുമാനങ്ങളും തന്റെ അറിവോടെയല്ല; അര്‍ണബ് ഗോസ്വാമി

മുംബൈ: റിപ്പബ്ലിക് ടി.വിയുടെ എല്ലാ തീരുമാനങ്ങളും തന്റെ അറിവോടെയല്ലെന്ന് എഡിറ്റര്‍ ഇന്‍-ചീഫ് അര്‍ണബ് ഗോസ്വാമി. ചാനലിന് കീഴില്‍ 1100ഓളം ജീവനക്കാരുണ്ട്. കേസില്‍ അന്വേഷിക്കുന്ന കാര്യവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ഡിസ്ട്രിബ്യൂഷന്‍ വിഭാഗം കൈക്കൊണ്ടതാണെന്നും എഡിറ്റോറിയല്‍ വിഭാഗത്തിന് പങ്കില്ലെന്നും അര്‍ണബ് പറഞ്ഞു.

ചാനല്‍ റേറ്റിങ് കൃത്രിമമായി വര്‍ധിപ്പിച്ച ടി.ആര്‍.പി തട്ടിപ്പ് കേസില്‍ അര്‍ണബിനെ പ്രതി ചേര്‍ത്ത് പൊലീസ് കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. മേയ് മാസത്തില്‍ 68 ചോദ്യങ്ങളാണ് അര്‍ണബിന് പൊലീസ് നല്‍കിയത്. മേയ് 24ന് ഇവയുടെ മറുപടി എഴുതി നല്‍കിയിരുന്നു. അതിലാണ് വിവാദ തീരുമാനങ്ങളില്‍ തനിക്ക് പങ്കില്ലെന്നുള്ള അര്‍ണബിന്റെ വിശദീകണം.

ചാനല്‍ കാണുന്നതിന് വീട്ടുകാര്‍ക്കോ കേബിള്‍ സ്ഥാപനങ്ങള്‍ക്കോ പണം നല്‍കിയോ എന്ന ചോദ്യത്തിനും തനിക്കറിയില്ലെന്ന മറുപടിയാണ് അര്‍ണബ് നല്‍കിയത്. എഡിറ്റോറിയല്‍ വിഭാഗത്തില്‍ മാത്രമാണ് തനിക്ക് മേധാവിത്വമുള്ളത്. യാതൊരു തരത്തിലുള്ള ടി.ആര്‍.പി പെരുപ്പിച്ചുകാണിക്കലും റിപ്പബ്ലിക് ടി.വിയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല.

ടി.ആര്‍.പിയുമായി ബന്ധപ്പെട്ട് ചര്‍ച്ച നടന്ന വാട്സപ്പ് ഗ്രൂപ്പിനെ കുറിച്ചുള്ള ചോദ്യത്തിന്, താന്‍ അനവധി ഗ്രൂപ്പുകളിലുണ്ടെന്നും പല ഗ്രൂപ്പിലും വരുന്ന ചാറ്റുകള്‍ വായിക്കാറില്ലെന്നുമാണ് അര്‍ണബ് മറുപടി നല്‍കിയത്. മുന്‍വിധിയോടെയാണ് പൊലീസ് സമീപിക്കുന്നതെന്നും ചാറ്റുകള്‍ സാഹചര്യത്തില്‍ നിന്ന് അടര്‍ത്തിമാറ്റി ഉപയോഗിക്കുകയാണെന്നും അര്‍ണബ് ആരോപിച്ചു.

Top