ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയുടെ ജാതിയല്ല യോഗ്യതയും അയോഗ്യതയുമാണ് ചര്‍ച്ചയാവേണ്ടതെന്ന് രാഷ്ട്രപതി സ്ഥാനാര്‍ഥി മീരാ കുമാര്‍.
രാജ്യത്തിന്റെ ഉന്നത സ്ഥാനത്തേക്ക് രണ്ട് ദളിതുകള്‍ മത്സരിക്കുന്നു എന്ന തലത്തില്‍ പലയിടങ്ങളിലും ചര്‍ച്ച പുരോഗമിക്കുന്നുണ്ട്. സ്ഥാനാര്‍ഥികളുടെ യോഗ്യതയും അയോഗ്യതയുമാണ് ചര്‍ച്ചയാവേണ്ടത്, അവരുടെ ജാതിയല്ല- മീരാകുമാര്‍ പറഞ്ഞു. ഇത്തരം ചര്‍ച്ചകള്‍ ദളിതുകളെ പിന്‍ നിരയില്‍ നിര്‍ത്താന്‍ മാത്രമേ സഹായിക്കുകയുള്ളു. ജാതിയെന്നത് ഇല്ലാതാകേണ്ടതാണ്. സമൂഹം മുന്നോട്ടുപോകുകയും വേണം.
നിതീഷ് കുമാറിനോടും പിന്തുണ ചോദിക്കുമെന്ന് അവര്‍ വ്യക്തമാക്കി. പിന്തുണയ്ക്കണോയെന്ന് അവര്‍ക്ക് തീരുമാനിക്കാം. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ വിമര്‍ശനത്തിനും മീരാകുമാര്‍ മറുപടി നല്‍കി. ലോക്‌സഭയില്‍ താന്‍ എല്ലാവരുടേയും സ്പീക്കറായിരുന്നു. തന്റെ കാലയളവില്‍ പക്ഷപാതത്തോടെ പ്രവര്‍ത്തിച്ചതായി ആരും വിമര്‍ശിച്ചിട്ടില്ലെന്നും മീരാകുമാര്‍ പറഞ്ഞു.