ഇന്ത്യയുടെ വളര്‍ച്ച തടയാന്‍ വ്യാജമായ ആഖ്യാനങ്ങള്‍ നടത്തുന്നു: ബിബിസിക്കെതിരെ ഉപരാഷ്ട്രപതി

ഡല്‍ഹി: ഇന്ത്യയുടെ വളര്‍ച്ച തടയാന്‍ വ്യാജമായ ആഖ്യാനങ്ങള്‍ നടത്തുകയാണെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. ബിബിസി വ്യാജവാര്‍ത്തകള്‍ നല്‍കിയെന്നും പേരുപരാമര്‍ശിക്കാതെ ഉപരാഷ്ട്രപതി കുറ്റപ്പെടുത്തി. അവാസ്തവവും ജുഡീഷ്യറി തള്ളിയതുമായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നത്.

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ എല്ലാം അനുവദിക്കാനാവില്ലെന്നും ജഗ്ദീപ് ധന്‍കര്‍ അഭിപ്രായപ്പെട്ടു. തെറ്റായ വിവരങ്ങള്‍ കൊണ്ടുതള്ളുന്നതും മറ്റൊരു തരത്തിലുള്ള അധിനിവേശമാണ്. ഇതിനെ ശക്തമായി നേരിടുമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

ഇത്തരം നീക്കങ്ങള്‍ക്കെതിരെ സദാ ജാഗ്രതയോടെയിരിക്കണം. ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് പ്രബേഷണര്‍മാരുമായുള്ള സംവാദത്തിലാണ് ഉപരാഷ്ട്രപതിയുടെ മുന്നറിയിപ്പ്. അശ്രദ്ധമായിരുന്നാല്‍ ഇത്തരം വ്യാജപ്രചാരണങ്ങള്‍ മനസ്സിലാക്കാനാകില്ലെന്നും ഉപരാഷ്ട്രപതി ഉപദേശിച്ചു.

നമ്മുടെ രാജ്യത്തെ ബുദ്ധിജീവികളെന്ന് വിളിക്കപ്പെടുന്ന ഒരുവിഭാഗത്തിന്, പുറത്തു നിന്നും വരുന്നതെന്തും വിശുദ്ധമാണെന്ന ഒരു ചിന്താഗതി കണ്ടു വരുന്നുണ്ട്. ബഹുമാനിക്കപ്പെടേണ്ട മനസ്സുകളില്‍ നിന്ന് ഉയര്‍ന്നതാണ് ഇത് എന്ന ദുഷിച്ച പ്രവണത വളര്‍ന്നുവന്നിട്ടുണ്ട്. ഇതിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

Top