ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്‌ക്കെതിരായി പ്രസ്താവന നടത്തിയെന്ന് ഐക്യരാഷ്ട്രസഭയില്‍ പാക്കിസ്ഥാന്‍ വാദം ഉന്നയിച്ചത് വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. എന്നാല്‍ പാക്കിസ്ഥാന്‍ നല്‍കിയ ഹര്‍ജിയില്‍ രാഹുലിന്റേത് മാത്രമല്ല ബിജെപി നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങളും ഇടംപിടിച്ചിട്ടുണ്ട് എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറും ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ വിക്രം സെയ്നിയും കശ്മീരി സ്ത്രീകളെ കുറിച്ച് നടത്തിയ വിവാദ പ്രസ്താവനകളാണ് പാക്കിസ്ഥാന്‍ യുഎന്നിന് നല്‍കിയ കത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ലിംഗാധിഷ്ഠിത അക്രമം നടക്കുന്നു എന്നാണ് സെയ്നിയുടെ വീഡിയോ ചൂണ്ടിക്കാട്ടി പാക്കിസ്ഥാന്‍ കത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. വെളുത്ത തൊലിയുള്ള കശ്മീരി സ്ത്രീകളെ വിവാഹം കഴിക്കാന്‍ സാധ്യമായതില്‍ മുസ്ലിം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സന്തോഷിക്കാമെന്ന് സെയ്നി പറഞ്ഞതായും കത്തില്‍ പറയുന്നു. സമാനമായ പ്രസ്താവനയാണ് മനോഹര്‍ ലാല്‍ ഖട്ടാറും നടത്തിയിരിക്കുന്നത്. കശ്മീരില്‍ നിന്ന് വധുക്കളെ കൊണ്ടു വരും. ലിംഗാനുപാതം മെച്ചപ്പെടുത്തിയാല്‍ സമൂഹത്തില്‍ ശരിയായ സന്തുലിതാവസ്ഥ വരുമെന്ന് ഖട്ടാര്‍ പറഞ്ഞതായും കത്തിലുണ്ട്.
കശ്മീരികളെക്കുറിച്ചുള്ള ബിജെപി നേതാക്കളുടെ ഈ പ്രസ്താവനക്കെതിരെ നേരത്തെ പ്രതിപക്ഷ നേതാക്കളും സാമൂഹ്യ പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിനെ പിന്തുണച്ച മായാവതിയടക്കം ഖട്ടാറിനെതിരെ രൂക്ഷമായ പ്രതികരണമാണ് നടത്തിയത്.