കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്നവര്‍ക്ക് ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് 19 കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്നവര്‍ക്ക് ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. റെഡ്, ഓറഞ്ച് സോണുകളാണ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്.

റെഡ് സോണുകളിലുള്ള 130 ജില്ലകളിലും ഓറഞ്ച് സോണിലുള്ള 274 ജില്ലകളിലുമാണ് ആരോഗ്യ സേതു നിര്‍ബന്ധമാക്കിയിരിക്കുന്നത്. കണ്ടെയ്ന്‍മെന്റ് സോണിലെ ഓരോ വ്യക്തിയെയും നിരീക്ഷിക്കാന്‍ ഇതുവഴി സാധിക്കും. ആവശ്യമെങ്കില്‍ ക്വാറന്റീന്‍, ഐസൊലേഷന്‍ തുടങ്ങിയ നടപടികളും സ്വീകരിക്കാനാകും.

കണ്ടെയ്ന്‍മെന്റ് സോണിലെ എല്ലാവര്‍ക്കും പ്രാദേശിക ഭരണകൂടം ആരോഗ്യ സേതു ആപ്പ് 100% ഉറപ്പുവരുത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. എന്നാല്‍ കോണ്‍ടാക്റ്റ് ട്രെയ്സിങ്, വീടുതോറുമുള്ള നിരീക്ഷണം, ക്വാറന്റീന്‍ എന്നിവ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ തുടരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഗ്രീന്‍ സോണുകളിലും ആരോഗ്യ സേതു സജീവമായിരിക്കണമെന്നും നിര്‍ദേശങ്ങളുണ്ട്.

നേരത്തെ എല്ലാ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരും ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമായും ഉപയോഗപ്പെടുത്തണമെന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ജോലിയില്‍ പ്രവേശിക്കുന്നതിനു മുന്‍പ് ‘റിസ്‌ക് സ്റ്റാറ്റസ്’ പരിശോധിക്കണമെന്നും വ്യക്തമാക്കിയിരുന്നു.

കോവിഡ്-19 പ്രതിരോധത്തിനായി കേന്ദ്ര സര്‍ക്കാര്‍ വികസിപ്പിച്ചെടുത്ത ,മൊബൈല്‍ ആപ്ലിക്കേഷനാണ് ആരോഗ്യസേതു. ഏപ്രില്‍ 14 ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദി ആരോഗ്യസേതു ആപ്പ് എല്ലാവരും ഡൗണ്‍ലോഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. അടിയന്തിര ആരോഗ്യ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോവിഡ്-19 ട്രാക്കിങ് ആപ്ലിക്കേഷനായ ആരോഗ്യ സേതു കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ് ഫോമുകളിലാണ് ഈ ആപ്പ് ലഭ്യമാകുന്നത്.

ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ വികസിപ്പിച്ചെടുത്ത ഈ ആപ്ലിക്കേഷന്‍ രോഗവ്യാപനം സംബന്ധിച്ച് ജനങ്ങള്‍ക്ക് വേണ്ട നിര്‍ദേശങ്ങളും മുന്നറിയിപ്പുകളുമാണ് നല്‍കുന്നത്.

ആരോഗ്യ സേതു എന്നാല്‍ ‘ആരോഗ്യത്തിന്റെ ഒരു പാലം’ എന്നാണ് അര്‍ത്ഥം. ഉപയോക്താക്കള്‍ക്ക് കോവിഡ് ബാധയുണ്ടോ എന്ന് തിരിച്ചറിയാനും ഈ ആപ്പ് സഹായിക്കും.അവര്‍ അറിയാതെ പോലും ഒരു കോവിഡ്-19 ബാധിച്ച വ്യക്തിയുമായി ബന്ധപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാനുമാവും. ആരോഗ്യ സേതു പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാരിന്റെ കൈവശമുള്ള രോഗബാധിതരുടെ ഡേറ്റാബേസും ഉപയോഗിക്കുന്നുണ്ട്.

കോവിഡ്-19 ട്രാക്കര്‍ ആപ്ലിക്കേഷന്‍ നിലവില്‍ ഹിന്ദി, ഇംഗ്ലിഷ് ഉള്‍പ്പെടെ 11 ഭാഷകളെയാണ് പിന്തുണയ്ക്കുന്നത്. ആപ്പ് ശരിയായ രീതിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ബ്ലൂടുത്ത്, ജിപിഎസ് എന്നിവ ആവശ്യമാണ്. മൊബൈല്‍ നമ്പറില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ഈ ആപ്പ് ഉപയോഗിക്കാവുന്നതാണ്. ലൊക്കേഷന്‍ അടിസ്ഥാനമാക്കി ഉപയോക്താക്കള്‍ സുരക്ഷിത സ്ഥാനത്താണോയെന്നും മനസിലാക്കാന്‍ സാധിക്കുന്നതാണ്.

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ തത്സമയ ട്വീറ്റുകളും കാണാന്‍ കഴിയും. അറിഞ്ഞോ അറിയാതെയോ അടുത്തിടപഴകിയവരില്‍ ആര്‍ക്കെങ്കിലും കോവിഡ് 19 സ്ഥിരീകരിക്കപ്പെട്ടാല്‍ ഉടന്‍ തന്നെ ആപ്പ് വഴി മുന്നറിയിപ്പ് ലഭിക്കും. മാത്രവുമല്ല, എങ്ങനെ സ്വയം സമ്പര്‍ക്കവിലക്കില്‍ കഴിയണമെന്നും രോഗലക്ഷണമുണ്ടെങ്കില്‍ സ്വീകരിക്കേണ്ട നടപടികളും ആപ്പ് വിശദീകരിക്കും.
കോവിന്‍ -20 ന്റെ അവസാന പതിപ്പാണ് ആരോഗ്യ സേതു.സ്വകാര്യതയ്ക്ക് സംരക്ഷണം നല്‍കിത്തന്നെയാണ് ആപ്പ് നിര്‍മിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

Top