ഇന്ദിരയുടെയും രാജീവിന്റെതും അപകടമരണങ്ങള്‍; രക്തസാക്ഷിത്വമല്ലെന്ന് ബിജെപി മന്ത്രി

ഡെറാഢൂൺ: രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിന്റെ കുത്തകയല്ലെന്നും ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കൊലപാതകങ്ങൾ അപകടങ്ങളായിരുന്നെന്നും ഉത്തരാഖണ്ഡ് മന്ത്രി ഗണേഷ് ജോഷി.’രാഹുൽ ഗാന്ധിയുടെ ബൗദ്ധിക നിലവാരത്തിൽ താൻ ഖേദിക്കുന്നു. രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിന്റെ കുത്തകയല്ല. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ ഭഗത് സിങ്, സവർക്കർ, ചന്ദ്രശേഖർ ആസാദ് എന്നിവരുടെ രക്തസാക്ഷിത്വങ്ങളും ഉണ്ടായിട്ടുണ്ട്. ഗാന്ധി കുടുംബത്തിലെ അംഗങ്ങൾക്ക് സംഭവിച്ചത് അപകടങ്ങളായിരുന്നു. അപകടങ്ങളും രക്തസാക്ഷിത്വങ്ങളും തമ്മിൽ വ്യത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭാരത് ജോഡോ യാത്രയുടെ സമാപന വേളയിൽ ശ്രീനഗറിൽ രാഹുൽ നടത്തിയ പ്രസംഗത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി ഇങ്ങനെ; ഒരാൾക്ക് അയാളുടെ ബൗദ്ധിക നിലവാരത്തിന് അനുസരിച്ചേ സംസാരിക്കാൻ കഴിയൂ. രാഹുലിന് യാത്ര സുഗമമായി നടത്താൻ കഴിഞ്ഞതിന്റെ ക്രഡിറ്റ് നരേന്ദ്രമോദിക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആർട്ടിക്കിൾ 370 റദ്ദാക്കുകയും ജമ്മു കശ്മീർ സാധാരണ നിലയിലേക്ക് തിരിച്ചെത്തുകയും ചെയ്തില്ലായിരുന്നുവെങ്കിൽ, രാഹുൽ ഗാന്ധിക്ക് ലാൽ ചൗക്കിൽ ദേശീയ പതാക ഉയർത്താൻ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു

അക്രമത്തിന്റെ വേദന പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും മനസ്സിലാവില്ലെന്നായിരുന്നു ഭാരത് ജോഡോ യാത്രയുടെ സമാപനത്തിൽ രാഹുൽ പ്രസംഗിച്ചത്. ‘ഞാനീ പറയുന്നത് പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും ഡോവലിനുപോലും മനസ്സിലാവില്ല. പക്ഷേ, കശ്മീരിലെ ജനങ്ങൾക്കും സൈനികർക്കും അവരുടെ വീട്ടുകാർക്കും മനസ്സിലാവും. അക്രമം നടത്തുന്ന ആർഎസ്എസുകാർക്കും അക്രമത്തിന് പ്രേരിപ്പിക്കുന്നവർക്കും അതു മനസ്സിലാവില്ലെന്നാണ് എനിക്ക് മോദിയോടും അമിത് ഷായോടും പറയാനുള്ളത്’-എന്നായിരുന്നു രാഹുലിന്റെ പരാമർശം.

Top