പോസ്റ്റർ ഒട്ടിക്കാനും, തല്ലുകൊള്ളാനും മാത്രമല്ല, നാട് ഭരിക്കാനും ഇനി ഇവർ !

തൊരു ചരിത്ര നിമിഷമാണ് രാഷ്ട്രീയ കേരളത്തെ സംബന്ധിച്ച് പതിവ് രീതികളാണ് ഇടതുപക്ഷം പൊളിച്ചടുക്കിയിരിക്കുന്നത്. മുഖ്യമന്ത്രി ഒഴികെ മുഴുവൻ സി.പി.എം – സി.പി.ഐ മന്ത്രിമാരും പുതുമുഖങ്ങളാണ്. ഒരു തീരുമാനം എടുക്കുമ്പോൾ അതിൽ വിവേചനം പാടില്ലന്ന നീതി കൂടിയാണ് കെ.കെ ശൈലജയെ പരിഗണിക്കാതിരുന്നതിലൂടെ സി.പി.എം നടപ്പാക്കിയിരിക്കുന്നത്. വിജയിച്ച മുഴുവൻ എം.എൽ.എമാരും മന്ത്രിമാരാകാൻ യോഗ്യരാണ് എന്ന സി.പി.എം നിലപാടിൽ തന്നെ എല്ലാം വ്യക്തവുമാണ്. ഇക്കാര്യത്തിൽ ഇപ്പോൾ വിവാദത്തിന് ശ്രമിക്കുന്നവർ അവരുടെ സങ്കുചിത രാഷ്ട്രിയ താൽപ്പര്യങ്ങളാണ് പ്രകടമാക്കിയിരിക്കുന്നത്. മുഹമ്മദ് റിയാസിൻ്റെയും ആർ.ബിന്ദുവിൻ്റെയും മന്ത്രി സ്ഥാനങ്ങൾ അർഹതക്കുള്ള അംഗീകാരം കൂടിയാണ്.

റിയാസ് മുഖ്യമന്ത്രിയുടെ മരുമകൻ ആയിട്ട് എത്ര നാളുകളായി എന്നത് വിമർശിക്കുന്നവർ ശരിക്കും ഓർക്കുന്നത് നല്ലതാണ്. മുഖ്യമന്ത്രിയുടെ മരുമകൻ ആകുന്നതിനു മുൻപ് തന്നെ റിയാസ് സി.പി.എം സംസ്ഥാന കമ്മറ്റി അംഗവും, ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡൻ്റുമാണ് എന്ന കാര്യവും ഇക്കൂട്ടർ മറക്കരുത്. ഓടിളക്കി വന്നല്ല തെരുവിൽ അടി കൊണ്ടും ജയിൽവാസം അനുഭവിച്ചും പോരാടിയുമാണ് ഈ കമ്യൂണിസ്റ്റ് വളർന്നു വന്നിട്ടുള്ളത്. ഈ പോരാട്ടങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് റിയാസിൻ്റെ മന്ത്രിപദം. പിണറായി അല്ല മറ്റേത് ഇടതുപക്ഷ മുഖ്യമന്ത്രി ആയാലും ഇതു തന്നെയായിരുന്നു സംഭവിക്കുമായിരുന്നത്. നിലവിലെ മന്ത്രിമാർ മാറി നിൽക്കാൻ തീരുമാനമെടുത്തത് സി.പി.എം നേതൃത്വമാണ്. പുതുമുഖങ്ങൾക്ക് അവസരം നൽകുന്നതിനു വേണ്ടിയാണ് ഈ ധീര തീരുമാനമെടുത്തിരിക്കുന്നത്.

ബംഗാളിലെ ‘അനുഭവം’ കൂടി വിലയിരുത്തിയാണ് ഈ പൊളിച്ചെഴുത്ത് എന്നതും വ്യക്തമാണ്. ഇതിൻ്റെ അടിസ്ഥാനത്തിൽ ടി.പി രാമകൃഷ്ണന് മാറി നിൽക്കേണ്ടി വന്നതോടെ കോഴിക്കോട് നിന്നുള്ള സി.പി.എം സംസ്ഥാന കമ്മറ്റി അംഗമായ ഏക എം.എൽ.എ, മുഹമ്മദ് റിയാസ് മാത്രമായാണ് മാറിയിരിക്കുന്നത്.ഈ സാഹചര്യത്തിൽ റിയാസിനെ തഴഞ്ഞ് വേറെ ആരെയാണ് പിന്നെ പരിഗണിക്കാൻ കഴിയുക? ഈ ചോദ്യത്തിന് ചാനൽ ബുദ്ധിജീവികളാണ് മറുപടി പറയേണ്ടത്. മുഖ്യമന്ത്രിയുടെ മരുമകൻ എന്ന ഒറ്റ കാരണത്താൽ റിയാസിനെ മാറ്റി നിർത്തിയിരുന്നെങ്കിൽ അതാകുമായിരുന്നു യഥാർത്ഥത്തിൽ വലിയ നീതി നിഷേധമായി മാറുമായിരുന്നത്. അത് സംഭവിക്കാതിരുന്നതിന് സി.പി.എം സംസ്ഥാന നേതൃത്വത്തെയാണ് അഭിനന്ദിക്കേണ്ടത്.

അതുപോലെ തന്നെ ആർ ബിന്ദു മന്ത്രിയായത് വിജയരാഘവൻ്റെ ഭാര്യ ആയതു കൊണ്ടാണ് എന്ന് ആക്ഷേപിക്കുന്നവരും ഒരു മറുപടി പോലും അർഹിക്കുന്നില്ല. ഇത്തരക്കാർക്ക് ചരിത്രമറിയില്ല എന്നു തന്നെ വിലയിരുത്തേണ്ടി വരും. സി.പി.എം ആക്ടിംങ് സെക്രട്ടറി വിജയരാഘവൻ്റെ ഭാര്യയാകുന്നതിനു മുൻപ് ബിന്ദു എസ്.എഫ്.ഐ നേതാവായിരുന്നു കോളജ് യൂണിയൻ ചെയർപേഴ്സണുമായിരുന്നു. പിന്നീട് അവർ തൃശൂർ കോർപ്പറേഷൻ മേയർ ആയിരുന്നു എന്ന യാഥാർത്ഥ്യവും വിമർശകർ മറന്നു പോകരുത്. വനിത പ്രാതിനിത്യം എന്ന രീതിയിൽ ആദ്യം പരിഗണിക്കപ്പെടേണ്ട പേരു തന്നെയാണ് ബിന്ദുവിൻ്റേത്. അക്കാര്യത്തിലും ഒരു സംശയവും ഉണ്ടാവേണ്ടതില്ല. ഒരു രാഷ്ട്രീയ പാരമ്പര്യവും ഇല്ലാതിരുന്നിട്ടും കഴിവു മാത്രം മാനദണ്ഡമാക്കിയാണ് വീണാ ജോർജിനെയും സി.പി.എം മന്ത്രിയാക്കിയിരിക്കുന്നത്. കമ്യൂണിസ്റ്റ് വിരുദ്ധത മുഖമുദ്രയാക്കിയ മാധ്യമ പ്രവർത്തകർ തങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന മാധ്യമ പ്രവർത്തകക്ക് സി.പി.എം നൽകിയ ഈ പരിഗണനയെങ്കിലും അംഗീകരിക്കാനുള്ള മനസ്സാണ് കാട്ടേണ്ടത്.

വി അബ്ദുറഹ്മാൻ എന്ന സി.പി.എം സ്വതന്ത്രനെ മന്ത്രിയാക്കിയതും ധീരമായ ചുവട് വയ്പ്പാണ് കെ.ടി ജലീൽ വരില്ലന്ന് കണ്ട് ആശ്വസിച്ച മുസ്ലീംലീഗുകാർക്കുള്ള അപ്രതീക്ഷിത പ്രഹരം കൂടിയാണിത്. ഇതുൾപ്പെടെ സി.പി.എമ്മിൻ്റെ മുഴുവൻ മന്ത്രിമാരും പുതിയ പ്രതീക്ഷയാണ് സമൂഹത്തിനു നൽകുന്നത്. മികവിൻ്റെ കാര്യത്തിൽ സി.പി.എം – സി.പി.ഐ മന്ത്രിമാർ ഒരുപടി മുന്നിൽ തന്നെയാണുള്ളത്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ മാത്രമല്ല മന്ത്രിസഭാ രൂപീകരണത്തിൽ കൂടിയാണ് ഇപ്പോൾ ചെങ്കൊടി പ്രസ്ഥാനങ്ങൾ ഞെട്ടിച്ചിരിക്കുന്നത്. രണ്ടാം പിണറായി സർക്കാറിൽ യുവത്വം തിളങ്ങുമ്പോൾ എസ്.എഫ്.ഐക്കും ഡി.വൈ.എഫ്.ഐക്കും അഭിമാനിക്കാനും ഏറെയുണ്ട്. മന്ത്രിമാരായ കെ.എൻ ബാലഗോപാൽ , പി.രാജീവ്, മുഹമ്മദ് റിയാസ് എന്നിവരും സ്പീക്കർ എം.ബി രാജേഷും എസ്.എഫ്.ഐയിലൂടെയാണ് വളർന്നുവന്നിട്ടുള്ളത്. യു.ഡി.എഫ് ഭരണകാലത്ത് വലിയ രൂപത്തിലുള്ള പൊലീസ് മർദ്ദനങ്ങൾക്കും ഇവരെല്ലാം ഇരയായിട്ടുണ്ട്. അനവധി തവണ ജയിലിലടക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

പ്രക്ഷുബ്ധമായ തൊണ്ണൂറുകളിൽ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡൻ്റായിരുന്നു കെ.എൻ ബാലഗോപാൽ കൊട്ടാരക്കരയിൽ നിന്നാണ് അദ്ദേഹം നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി പി.രാജീവ് കളമശ്ശേരിയിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. യു.ഡി.എഫ് കോട്ടയിൽ അട്ടിമറി വിജയമാണ് രാജീവ് നേടിയിരുന്നത്. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് ഉടുതുണി വലിച്ചു പറിച്ചാണ് ഈ എസ്.എഫ്.ഐ നേതാവിനെ പൊലീസ് ക്രൂരമായി മർദ്ദിച്ചിരുന്നത്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി, ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡൻ്റ് വരെയുള്ള പദവികൾ അലങ്കരിച്ച എം.ബി രാജേഷും നിരവധി തവണ പൊലീസ് മർദ്ദനത്തിനിരയായ നേതാവാണ്. കോൺഗ്രസ്സിൻ്റെ സൈബർ മുഖം കൂടിയായ വി.ടി ബൽറാമിനെയാണ് തൃത്താലയിൽ രാജേഷ് പരാജയപ്പെടുത്തിയിരിക്കുന്നത്. ഇതും ഒരു അട്ടിമറി വിജയം തന്നെയായിരുന്നു.

 

മുൻ പൊലീസ് കമ്മീഷണറുടെ മകനായ മുഹമ്മദ് റിയാസും പോർക്കളത്തിലെ ധീര വിപ്ലവകാരിയായിരുന്നു. ബേപ്പൂരിൽ നിന്നും കാൽ ലക്ഷത്തിലധികം വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് റിയാസ് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. എസ്.എഫ്.ഐയിൽ പ്രവർത്തിക്കുമ്പോൾ തന്നെ ഈ ക്ഷുഭിത യവ്വനത്തിൻ്റെ പോരാട്ട വീര്യം കേരളം കണ്ടതാണ്. ഉത്തരവാദപ്പെട്ട ഒരു പൊലീസ് ഓഫീസറുടെ മകനായിരിക്കുമ്പോൾ തന്നെയാണ് സമരമുഖങ്ങളിലും റിയാസ് സജീവ സാന്നിധ്യമായിരുന്നത്. വിദ്യാർത്ഥി – യുവജന നേതാക്കളിൽ ഏറ്റവും കൂടുതൽ ജയിലിലടക്കപ്പെട്ടതും റിയാസ് തന്നെയാണ്. ഈ യൂത്ത് ടീം വീണ്ടും പിണറായി മന്ത്രിസഭയിൽ ഇടം പിടിക്കുമ്പോൾ അത് വിപ്ലവ സംഘടനകൾക്ക് നൽകുന്ന ആവേശവും വളരെ വലുതാണ്. യുവത്വത്തിന് ഏറ്റവും കൂടുതൽ പ്രാധാന്യം ലഭിച്ച മന്ത്രിസഭ കൂടിയാണിത്. കെ.എൻ ബാലഗോപാലും പി.രാജീവും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും എം.ബി രാജേഷും മുഹമ്മദ് റിയാസും സി.പി.എം സംസ്ഥാന കമ്മറ്റി അംഗങ്ങളുമാണ്.

പുതുമുഖങ്ങൾക്ക് അവസരം നൽകുന്നതിൽ സി.പി.എമ്മിനെ പോലെ തന്നെ സി.പി.ഐയും മാതൃകാപരമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. എ.ഐ.എസ്.എഫിൻ്റെയും എ.ഐ.വൈ.എഫിൻ്റെയും സംസ്ഥാന ഭാരവാഹികളായിരുന്ന കെ രാജനെയും പി. പ്രസാദിനെയും മന്ത്രിയാക്കിയാണ് സി.പി.ഐയും ഞെട്ടിച്ചിരിക്കുന്നത്. ഇവരുൾപ്പെടെ അവരുടെ നാല് മന്ത്രിമാരും പുതുമുഖങ്ങളാണെന്നതും ശ്രദ്ധേയമാണ്. വിദ്യാർത്ഥി – യുവജന പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി നിരവധി തവണ മർദ്ദനം ഏറ്റുവാങ്ങിയ യുവ നേതാക്കളാണ് രാജനും പ്രസാദും. ഇരുവരും നിലവിൽ സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളുമാണ്. ഏതെങ്കിലും നേതാക്കൾ കെട്ടിയിറക്കിയവരല്ല നാടിനു വേണ്ടി തെരുവിൽ പൊരുതിയ ധീരൻമാരാണ് ഈ നിയുക്ത മന്ത്രിമാർ. വിദ്യാർത്ഥി – യുവജന സംഘടനാ പ്രവർത്തകരെ സംബന്ധിച്ച് ഏറ്റവും ആവേശകരമായ നിമിഷം കൂടിയാണിത്. ഇത് പുതിയ കാലമാണ്.

രാഷ്ട്രീയ പ്രവർത്തനത്തിന് വെല്ലുവിളി നേരിടുന്ന ഈ കാലത്ത് ഇടതുപക്ഷം യുവത്വത്തിന് നൽകിയ പരിഗണന സമൂഹത്തിന് ആകെയുള്ള സന്ദേശമാണ്. പോസ്റ്റർ ഒട്ടിക്കാനും തെരുവിൽ അടി കൊള്ളാനും മാത്രമല്ല മന്ത്രിമാരായി നാട് ഭരിക്കാനും യുവത്വത്തിനു കഴിയുമെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണിത്. കോൺഗ്രസ്സിനും മുസ്ലീം ലീഗിനുമൊന്നും സ്വപ്നത്തിൽ പോലും ഇത്തരമൊരു മാറ്റം ചിന്തിക്കാൻ കഴിയുകയില്ല. തിരഞ്ഞെടുപ്പ് ഫലം വരും മുൻപേ തന്നെ മന്ത്രിമാരാകാൻ കച്ചകെട്ടിയിറങ്ങിയ യു.ഡി.എഫ് നേതാക്കൾ ആരൊക്കെയാണെന്നത് ഈ നാട് കണ്ടിട്ടുള്ളതാണ്. തോറ്റമ്പിയിട്ടും അധികാരത്തിൽ കടിച്ചു തൂങ്ങാനാണ് രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഇപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. കോൺഗ്രസ്സിൻ്റെ ഗതികേടാണിത്. കുഞ്ഞാലിക്കുട്ടിയല്ലാതെ മുസ്ലീം ലീഗിനും മറ്റൊരാളെ ചൂണ്ടിക്കാട്ടാനില്ല. പ്രതിപക്ഷത്തെ ഈ അവസ്ഥ യു.ഡി.എഫിനെ കൂടുതൽ നാശത്തിലേക്കാണ് നിലവിൽ കൊണ്ടു പോകുന്നത്. ‘വിനാശകാലേ വിപരീത ബുദ്ധി’ എന്നു തന്നെയാണ്  ഈ അധികാര മോഹത്തെയും വിലയിരുത്തേണ്ടത്. ഇടതുപക്ഷവും വലതുപക്ഷവും തമ്മിലുള്ള വ്യത്യാസം ഇവിടെയും പ്രകടമാണ്.

Top