അമിത കൂലി നൽകിയില്ല; വ്യാപാര സ്ഥാപനത്തിൽ ഐഎൻടിയുസിക്കാരുടെ അക്രമം

അടിമാലി: അമിത കൂലി നൽകാതിരുന്നതിന്റെ പേരിൽ അടിമാലിയിൽ വ്യാപാര സ്ഥാപനത്തിൽ ഐഎൻടിയുസി ചുമട്ടു തൊഴിലാളികളുടെ അക്രമം. വ്യാപാര സ്ഥാപനത്തിലെ അതിഥി തൊഴിലാളികളെ യൂണിയൻ തൊഴിലാളികൾ മർദിച്ചു. അഞ്ച് ഗ്ലാസിറക്കാൻ 5000 രൂപ നൽകാതിരുന്നതാണ് അക്രമത്തിന് വഴിവെച്ചത്. വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെ അടിമാലി മിനിപ്പടിയ്ക്കു സമീപമുള്ള മൊത്തവ്യാപാര കടയിലായിരുന്നു സംഭവം.

കടയിൽ വന്ന 5 ഗ്ലാസ്സുകൾ ഇറക്കാനെത്തിയ ഐഎൻടിയുസി യൂണിയൻ തൊഴിലാളികൾ ആവശ്യപ്പെട്ടത് 5000 രൂപ. 1500 നൽകാമെന്ന് കടയുടമ നിലപാടെടുത്തതോടെ തൊഴിലാളികൾ മടങ്ങി. ഗ്ലാസ് കൊണ്ടുവന്ന വാഹനം തിരികെ വിടുന്നതിനായി കടയിലെ ജീവനക്കാർ ഗ്ലാസ്സിറക്കി വച്ചു. ഈ സമയം തിരികെ എത്തിയ തൊഴിലാളികൾ ജീവനക്കാരെ മർദിക്കുകയായിരുന്നു. കടയിലെ ജീവനക്കാരായ പ്രദീപ് മഹന്ത, നാരദ് ബർമൻ, സുഖ്‍‌ലാൽ സിൻഹ എന്നിവരെ അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ കഴിയുന്നവരുടെ മൊഴിയെടുത്തതായും മർദിച്ചവർക്കെതിരെ നടപടിയുണ്ടാകുമെന്നും അടിമാലി പൊലീസ് അറിയിച്ചു.

Top