ആറുമാസത്തോളമായി ശമ്പളം നല്‍കിയില്ല; സ്വന്തം കൈ കത്തിച്ച് കരാര്‍ തൊഴിലാളി

നോയിഡ: ആറ് മാസത്തെ വേതനം നല്‍കിയില്ലെന്നാരോപിച്ച് കരാര്‍ തൊഴിലാളി സ്വന്തം കൈ കത്തിച്ചു. നാഷണല്‍ തെര്‍മ്മല്‍ പവര്‍ കോര്‍പ്പറേഷ (എന്‍ടിപിസി)നിലെ കരാര്‍ തൊഴിലാളിയാണ് സ്വന്തം കൈ കത്തിച്ചത്. 32കാരനായ കരാര്‍ തൊഴിലാളിയായ രാജേഷ് ശമ്പളം കിട്ടാത്തതിനെ തുടര്‍ന്ന് കടുംകൈ ചെയ്തത്.

എന്‍ടിപിസിയുടെ ഗ്രേറ്റര്‍ നോയിഡയിലുള്ള ക്യാപസിന്റെ രണ്ടാം ഗേറ്റിന്റെ മുന്നില്‍ വച്ചാണ് ഇയാള്‍ കയ്യില്‍ തീ കത്തിച്ച് പ്രതിഷേധിച്ചത്. വ്യാഴാഴ്ചയായിരുന്നു സംഭവം. ഹാപുര്‍ ജില്ലയിലെ സോളന സ്വദേശിയാണ് കരാര്‍ തൊഴിലാളിയായ രാജേഷ്. സ്ഥാപനത്തിന് വെളിയില്‍ കരാര്‍ തൊഴിലാളി കൈകള്‍ക്ക് തീ കത്തിച്ച വിവരം എന്‍ടി പിസിയുടെ എച്ച് ആര്‍ വിഭാഗമാണ് പൊലീസിനെ അറിയിച്ചത്.

കരാര്‍ തൊഴിലാളികളെ മറ്റൊരാളാണ് സ്ഥാപനത്തിലെത്തിച്ചിരുന്നത് എന്നാണ് എന്‍ടിപിസി വിശദമാക്കുന്നത്. ലോക്ക്‌ഡൌണ്‍ കാലം അടക്കമുള്ള ആറ് മാസത്തെ ശമ്പളത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് തൊഴിലാളി കടുത്ത നടപടിയിലേക്ക് കടന്നതെന്നാണ് പൊലീസ് സംഭവത്തേക്കുറിച്ച് വ്യക്തമാക്കുന്നത്.

തൊഴിലാളിയെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്ക് ഗുരുതര പരിക്കില്ലെന്നാണ് വിവരം. പതിനായിരം രൂപ മാസം ശമ്പളം വാഗ്ദാനം ചെയ്താണ് ഇയാളെ ജോലിക്ക് എത്തിച്ചിരുന്നത്. എന്നാല്‍ കമ്പനി കഴിഞ്ഞ ആറുമാസത്തെ ശമ്പളം നല്കിയില്ലെന്നാണ് രാജേഷ് പൊലീസില്‍ നല്‍കിയിരിക്കുന്ന പരാതി.

Top